തൃശൂര്‍: ഊട്ടി കുനൂരിനടുത്തുണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച മലയാളി സൈനികൻ എ പ്രദീപ് കുമാറിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വ്യോമസേനാ ജൂനിയർ വാറന്റ് ഓഫിസറായ പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂർ പൊന്നൂക്കരയിലെത്തിച്ചപ്പോൾ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.
പ്രദീപ് പഠിച്ച പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് മൃതദേഹം ആദ്യം പൊതുദർശനത്തിനു വച്ചത്. നാട്ടുകാരുടെ പ്രിയപ്പെട്ട പ്രദീപിനെ അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിനു പേരാണ് ഇവിടെ എത്തിയത്. സ്കൂളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയി. ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിനായിരുന്നു സംസ്കാരം.

ഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിൽ രാവിലെ 11നു കോയമ്പത്തൂർ സുലൂർ വ്യോമതാളവത്തിൽ എത്തിച്ച മൃതദേഹം തുടർന്നാണു തൃശൂരിലേക്കു കൊണ്ടുവന്നത്. സൂലൂരിൽനിന്ന് റോഡ് മാർഗം വിലാപയാത്ര ഉച്ചയ്ക്കു 12.30നു വാളയാർ അതിർത്തിലെത്തി.

വാളയാറിൽ വച്ച് മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.രാജൻ, കെ.രാധാകൃഷ്ണൻ എന്നിവവാളയാര്‍ അതിര്‍ത്തിയില്‍ മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. ആദരാഞ്ജലി അർപ്പിക്കാനായി ദേശീയപാതയുടെ ഇരുഭാഗത്തും ദേശീയപതാകയുമായി നിരവധിപേര്‍ കാത്തുനിന്നു.

2002 ലാണ് പ്രദീപ് വ്യോമസേനയിൽ ചേര്‍ന്നത്. ഭാര്യ ശ്രീലക്ഷ്മിക്കും രണ്ട് കുട്ടികൾക്കുമൊപ്പം സുലൂരിലെ ഐഎഎഫിന്റെ സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് പ്രദീപ് താമസിച്ചിരുന്നത്.

2018 ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രദീപും ഭാഗമായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാൻ സ്വയം സന്നദ്ധനാവുകായിരുന്ന നിരവധി പേരെ രക്ഷപ്പെടുത്തുന്നതിൽ സഹായിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ പ്രദീപിനെ ആദരിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടം സംഭവിച്ചത്. സംയ്കുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചു. കോയമ്പത്തൂരിനടുത്തുള്ള സുലൂരിൽനിന്ന് ഊട്ടി വെല്ലിങ്ടണിലേക്ക് പോകുകയായിരുന്ന വ്യോമസേനയുടെ മി 17 വി 5 ഹെലികോപ്റ്ററാണ് കൂനൂരിൽ തകർന്നത്.
Also Read: ഹെലികോപ്റ്റര്‍ ദുരന്തം: മരിച്ചവരില്‍ മലയാളി സൈനികനും