scorecardresearch

മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയത്തിന് മുന്നില്‍ പ്രതിഷേധം; പൊലീസ് ജലപീരങ്കി ഉപയോഗിച്ചു

കോട്ടയത്ത് കനത്ത സുരക്ഷയ്ക്കിടയിലും കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയത്തിന് മുന്നില്‍ പ്രതിഷേധം; പൊലീസ് ജലപീരങ്കി ഉപയോഗിച്ചു

കോട്ടയം/ കൊച്ചി: മുഖ്യമന്ത്രി താമസിക്കുന്ന തൃശൂരിലെ രാമനിലയത്തിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബാരിക്കേഡ് മറികടക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. സാഹചര്യം സംഘര്‍ഷഭരിതമായതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്‌ജെൻഡറുകൾ കസ്റ്റഡിയിൽ

സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ കോട്ടയത്തിനു പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയനു കനത്ത സുരക്ഷ. കൊച്ചിയിലെ വേദികളില്‍ കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും വിലക്കേര്‍പ്പെടുത്തി. കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് അതു മാറ്റണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. ഇതിനു പകരമായി നീല നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്‌ക് നൽകി. പൊതു പ്രോട്ടോക്കോള്‍ പാലിക്കണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സംഭവം വാര്‍ത്തയായതോടെ നിര്‍ദേശം പിന്‍വലിച്ചു.

കൊച്ചിയില്‍ രണ്ടു പരിപാടികളാണ് മുഖ്യമന്ത്രിക്ക് ഇന്നുള്ളത്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് ഇരു വേദികളിലും കോട്ടയത്തുനിന്ന് എത്തിയ അദ്ദേഹം വിശ്രമിക്കുന്ന ഗസ്റ്റ് ഹൗസിലും വന്‍ പൊലീസ് പടയാണുള്ളത്. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാരാണ് സുരക്ഷയ്ക്കുള്ളത്. മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുന്ന കലൂർ മെട്രൊ സ്റ്റേഷനിലേക്കു പോകുകയായിരുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിലുടനീളം വന്‍ പൊലീസ് സന്നാഹമാണുള്ളത്. തൃപ്പൂണിത്തുറയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടാണു മുഖ്യമന്ത്രിക്കു കടന്നുപോകാന്‍ വഴിയൊരുക്കിയത്. പലയിടത്തും ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

Also Read: എന്തും വിളിച്ചുപറയാൻ പറ്റില്ല, അങ്ങനെ പറഞ്ഞവരുടെ അനുഭവം അറിയാമല്ലോ: പിണറായി വിജയൻ

കോട്ടയത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സമ്മേളന വേദിയിലും മുഖ്യമന്ത്രിക്കു കനത്ത സുരക്ഷ സന്നാഹം ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം പൊലീസ് മുന്നറിയിപ്പില്ലാതെ അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേ ഗതാഗത നിയന്ത്രണം ആരംഭിച്ചു. ബസേലിയോസ് കോളേജ് ജങ്ഷൻ, കലക്ടറേറ്റ് ജങ്ഷൻ, ചന്തക്കവല, ഈരയിൽക്കടവ് തുടങ്ങി കെകെ റോഡിലെ എല്ലാ പ്രധാന കവലകൾ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു.

മുഖ്യമന്ത്രി താമസിച്ച നാട്ടകം ഗസ്റ്റ് ഹൗസിനു മുന്നില്‍നിന്ന് മാധ്യമങ്ങളെ മാറ്റി. അര കിലോ മീറ്റര്‍ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതി നൽകിയത്. കറുത്ത മാസ്ക് ധരിച്ചവരോട് അത് മാറ്റാൻ ആവശ്യപ്പെട്ടു. പരിപാടിയിൽ പങ്കെടുക്കുന്നവർക്കും കറുത്ത മാസ്ക് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തി.

സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായി നാൽപതംഗസംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേരും രണ്ടു കമാൻഡോ വാഹനങ്ങളിലായി 10 പേരും ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെയാണ് ഉള്ളത്. ഇതിനു പുറമെ ഒരു പൈലറ്റും എസ്കോർട്ടും ജില്ലകളിൽ അധികമായുണ്ടാകും.

അതേസമയം, വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ ബിജെപിയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Also Read: കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ റബർ തോട്ടത്തിൽ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Heavy security for cm pinarayi vijayan in kottayam