തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.  അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ പ്രവർത്തനം തുടരുന്നുണ്ട്.

കെഎസ്ഇബി 13 അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ഇന്നത്തെ കാലാവസ്ഥ റിപ്പോർട്ടുകൾ പരിഗണിച്ചായിരിക്കും ഷട്ടർ താഴ്ത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.  ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ഒമാൻ തീരത്തേക്കാണ് നീങ്ങുന്നത്. കേരളത്തിലെ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രതീക്ഷ. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്ത് നേടി തീവ്രന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിന് 960 കി.മീ വടക്ക് പടിഞ്ഞാറും, ഒമാനിലെ സലാലയ്ക്ക് 1336 കി.മീ കിഴക്കുമായാണ് ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഉള്ളത്.

ഇന്ന് രാവിലെ എട്ട് മണിയോടെ ഇത് അതിതീവ്ര ന്യൂനമർദ്ദമാകും. പിന്നാലെ ലുബ്‌നു ചുഴലിക്കാറ്റ് രൂപംകൊളളും. കാറ്റിന് 70 കി.മീ വേഗത പ്രാപിച്ചാൽ ലുബ്‌നു ചുഴലിക്കാറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും.  അതേസമയം ആൻഡമാൻ തീരത്തോട് ചേർന്ന് മറ്റൊരു ന്യൂനമർദ്ദം രൂപംകൊണ്ടിട്ടുണ്ട്. ഇത് ആശങ്ക വർദ്ധിപ്പിക്കുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.