scorecardresearch

മഴക്കെടുതിയില്‍ ഇന്ന് ആറ് മരണം; വടക്കൻ ജില്ലകളിൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്

മഴക്കെടുതിയില്‍ ഇന്ന് ആറ് മരണം; വടക്കൻ ജില്ലകളിൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശവും നൽകി.

മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. 2291 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തൃശൂരിലാണ് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നത്. 21 ക്യാംപുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു.

തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യാംപുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യാംപുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു ക്യാംപുകളിലായി 58 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കിയില്‍ ഏഴു ക്യാംപുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാംപുകളിലായി 467 പേരും കഴിയുന്നു. പാലക്കാട് ഒരു ക്യാംപില്‍ 25 പേരും മലപ്പുറത്ത് രണ്ടു ക്യാംപുകളിലായി എട്ടു പേരും വയനാട് മൂന്നു ക്യാംപുകളിലായി 38 പേരും കണ്ണൂരില്‍ മൂന്നു ക്യാംപുകളിലായി 52 പേരും കഴിയുന്നുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ആള്‍ക്കാര്‍ എന്നിവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്‍കി.

കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ നാളെ രാത്രി 11.30 വരെ മൂന്നു മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം, മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം.

അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ എന്നീ ദുരന്ത സാദ്ധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും തുടരണം.

കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ് പ്രകാരം, പമ്പ (മാടമണ്‍), നെയ്യാര്‍ (അരുവിപ്പുറം), മണിമല(പുലകയര്‍), മണിമല (കല്ലൂപ്പാറ) കരമന (വെള്ളകടവ്)എന്നി നദികളില്‍ ജലനിരപ്പ് അപകട നിരപ്പ് കടന്നിട്ടുണ്ട്. അച്ചന്‍കോവില്‍ (തുമ്പമണ്‍), കാളിയാര്‍ (കലമ്പുര്‍), തൊടുപുഴ (മണക്കാട്), മീനച്ചില്‍ (കിടങ്ങൂര്‍) എന്നീ നദികളിലും ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. നദികളുടെ കരകളിലുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളും തുടരുന്നുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ ഇടുക്കി, കോഴിക്കോട് വയനാട്, തൃശൂര്‍ , മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ഡിഫെന്‍സ് സെക്യൂരിറ്റി കോർപ്സ്ന്‍റെ രണ്ടു യൂണിറ്റ് കണ്ണൂര്‍ പാലക്കാട് ജില്ലകളിലും
കരസേനയുടെ ഒരു കോളം തിരുവനന്തപുരം ജില്ലയിലും സജ്ജമാക്കിയിട്ടുണ്ട് .

മഴയോടൊപ്പം ശക്തമായ കാറ്റിനുള്ള സാദ്ധ്യതയുള്ളതിനാല്‍ അപകടാവസ്ഥയിലുള്ള പോസ്റ്റുകള്‍, മരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ സുരക്ഷിതമാക്കി അപടമൊഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലയോര മേഖലയിലേക്കും ജലാശയങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരത്തിന കര്‍ശന നിയന്ത്രണമുണ്ട്. അപകട സാധ്യതയുള്ള മലയോര മേഖലയിലെ രാത്രി ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതിയിൽ ഇന്ന് ആറു മരണം

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറു മരണം. കണ്ണൂരിൽ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി.

കണ്ണൂർ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിച്ചു. കണിച്ചാർ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാൽ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. കണിച്ചാൽ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ്, പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരിയായ മകൾ നൂമ തസ്മീൻ, കണിച്ചാർ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ എന്നിവരാണു മരിച്ചത്. പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ തകർന്ന ചന്ദ്രന്റെ വീട് പൂർണമായും മണ്ണിനടിയിലാണ്. ഇന്ത്യൻ ആർമിയുടെയും ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്സിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണു താഴെ വെള്ളറ ഭാഗത്തുനിന്ന് വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.

തിരുവനന്തപുരത്ത് തമിഴ്‌നാട് സ്വദേശി കന്യാകുമാരി പുത്തൻതുറ കിങ്‌സറ്റൺ കടലിൽ തിരയിൽപ്പെട്ടു മരിച്ചു. കോട്ടയം കൂട്ടിക്കലിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ടു കൂട്ടിക്കൽ കന്നുപറമ്പിൽ റിയാസ് മരിച്ചു. എറണാകുളം കുട്ടമ്പുഴയിൽ ഇന്നലെ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാവനാകുടിയിൽ പൗലോസിനെയാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉരുളംതണ്ണി സ്വദേശിയായ ഇദ്ദേഹത്തിന് 65 വയസ്സായിരുന്നു. ദേഹത്തേക്ക് മരം ഒടിഞ്ഞുവീണതാണു മരണ കാരണം.

10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. മഴ ശക്തമായി തുടരുന്നതിനാലും ജില്ലകളിൽ റെഡ് അലര്‍ട്ട്, ഓറഞ്ച് അലര്‍ട്ട് നിലനിൽക്കുന്നതിനാലും അങ്കണവാടികൾ മുതൽ പ്രൊഫെഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പത്തനംതിട്ട ജില്ലയിൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. പാലക്കാട്, ഇടുക്കി, മലപ്പുറം, തൃശൂർ ജില്ലകളിലും യൂണിവേഴ്‌സിറ്റി പരീക്ഷകളും ഇന്റർവ്യൂകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Heavy rainfall in kerala 7 districts have red alert