തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടും. തെക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ജൂലെെ 22 ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവ് തുറക്കുന്നു, ജാഗ്രത പാലിക്കണം
പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഒരു സ്ലൂയിസ് വാൽവ് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നു. ജലനിരപ്പ് 419.4 മീറ്റർ കവിഞ്ഞപ്പോൾ ഏഴ് ക്രെസ്റ്റ് ഗേറ്റുകൾ വഴി അധിക ജലം പുഴയിലേക്ക് ഒഴുക്കിയിരുന്നു. അതിനു പുറമേയാണ് ഒരു സ്ലൂയിസ് വാൽവ് കൂടി തുറന്നത്. ഇതു മൂലം ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴയോര വാസികൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് തൃശൂർ ജില്ലാ കലക്‌ടർ അറിയിച്ചു.
ഭൂതത്താൻകെട്ട് ഡാമിൽ നിന്നു കൂടുതൽ വെള്ളം ഒഴുക്കിവിടും, ജാഗ്രത നിർദേശം
ഭൂതത്താൻകെട്ട് ഡാമിൽ ജലനിരപ്പ് ഉയരുന്നു. പുറപ്പള്ളിക്കാവിലെ ഇപ്പോൾ തുറന്നിട്ടിരിക്കുന്ന നാല് ഷട്ടറുകൾക്ക് പുറമേ 11 ഷട്ടറുകൾ കൂടി തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. മഞ്ഞുമൽ റെഗുലേറ്ററി ബ്രിഡ്‌ജും തുറക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്‌ടർ അറിയിച്ചു.
Read Here: ആദ്യ പരീക്ഷണം വിജയിച്ച കോവിഡ് മരുന്നിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മത്സ്യതൊഴിലാളി ജാഗ്രത നിർദേശം
കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകരുത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം. കേരള തീരത്തെ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാൽ കേരള തീരത്ത് നിന്ന് മേൽപറഞ്ഞ ദിവസങ്ങളിൽ മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കടൽക്ഷോഭത്തിനും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം
ജൂലെെ 24 വരെ തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മി. വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
ജൂലെെ 23 വരെ ലക്ഷദ്വീപ്, മാലിദ്വീപ് മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മി. വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മധ്യ-കിഴക്കൻ അറബിക്കടൽ, തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മി. വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
ജൂലെെ 24 വരെ കർണാടക തീരത്തും ദക്ഷിണ മഹാരാഷ്‌ട്ര തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മി. വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കടലാക്രമണ ഭീഷണി രൂക്ഷമായ തീരമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറി താമസിക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം ക്യാംപുകളിൽ താമസിക്കേണ്ടത്. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം തുടങ്ങിയവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.