തിരുവനന്തപുരം: ഒരിടവേളയ്‌ക്കു ശേഷം സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട്. ഇടുക്കിയിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത.

തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് ഇന്നലെ രാത്രി മുതൽ ശക്തമായ മഴ ലഭിക്കുന്നത്. എറണാകുളത്തും തൃശൂരും സ്ഥിതി സങ്കീർണമാണ്.

ഇതിനുപുറമെ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മേൽപറഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ജൂലൈ 29 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

2020 ജൂലൈ 30 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്.

2020 ജൂലൈ 31 : കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ്.

2020 ഓഗസ്റ്റ് 1 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.

2020 ഓഗസ്റ്റ് 2 : ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് ഇപ്പോൾ കൂടുതൽ മഴ ലഭിക്കുന്നത്. എന്നാൽ, നാളെ വടക്കൻ കേരളത്തിലും മഴ ശക്തിപ്പെടും. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പുതിയ ന്യൂനമർദത്തിനു സാധ്യത, മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയിരിക്കുന്ന ദ്വൈവാര മഴ പ്രവചനത്തിൽ ബംഗാൾ ഉൾക്കടലിൽ ആന്ധ്ര-ഒഡീഷ തീരത്തായി ഒരു ന്യൂനമർദം (Low Pressure) രൂപപ്പെടാനുള്ള നേരിയ സാധ്യത (Low Probability) പ്രവചിച്ചിട്ടുണ്ട്. പ്രമുഖ കാലാവസ്ഥ മോഡലുകളായ ECMWF, GFS, IMD GFS തുടങ്ങിയ കാലാവസ്ഥ മോഡലുകളും ഓഗസ്റ്റ് ആദ്യത്തെ ആഴ്‌ചയുടെ അവസാനത്തോടെ (ഓഗസ്റ്റ് 4 നോട് കൂടി) ന്യൂനമർദം രൂപപ്പെടാനുള്ള സൂചനകൾ നൽകുന്നു.

ന്യൂനമർദം എങ്ങനെ കേരളത്തെ ബാധിക്കും?

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ രൂപീകരണവും അതിന്റെ വികാസവും കേരളത്തിലെ മൺസൂൺ കാറ്റിന്റെ വേഗതയും കാലവർഷത്തിന്റെ ശക്തിയും വർധിപ്പിക്കും. അതിൽ പശ്ചിമഘട്ടവും കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയും നിർണായക പങ്ക് വഹിക്കും. (എറണാകുളം ജില്ലാ കലക്‌ടറുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലെ മുന്നറിയിപ്പ്)

ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കോട്ടയം മുട്ടമ്പലത്ത് റെയിൽവേ പാളത്തിൽ മണ്ണിടിച്ചിൽ. തിരുവനന്തപുരം എറണാകുളം സ്പെഷ്യൽ ട്രെയിൻ ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിച്ചു. ആളപായമില്ല. കോട്ടയത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്.

കോട്ടയത്ത് പടിഞ്ഞാറൻ മേഖലയിലും മലയോര മേഖലയിലും മഴ ശക്തിപ്രാപിച്ചതോടെ ആറുകളിൽ ജലനിരപ്പ് കുതിച്ചുയര്‍ന്നു. പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്.

കോട്ടയത്ത് പലയിടത്തും മണ്ണിടിച്ചിലിൽ വീടുകൾ തകർന്നു

തൃശൂർ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം. ഇരുചക്ര വാഹനങ്ങൾ വെള്ളക്കെട്ടിനെ തുടർന്ന് റോഡിൽ വീഴുന്ന സാഹചര്യം.

എറണാകുളം കെഎസ്‌ആർടിസി സ്റ്റാൻഡിൽ വെള്ളം കയറി. ആലുവയിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷം

അടുത്ത 48 മണിക്കൂറത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

ഇടപ്പള്ളിയിൽ വട്ടേക്കുന്നത്ത് റോഡ് തകർന്നു. റോഡിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾ പത്തടി താഴ്‌ചയിലേക്ക് വീണു.

മഴ തുടരുന്നു

സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചു. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. എറണാകുളം ജില്ലയിൽ ഇന്നലെ ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നു. പശ്ചിമ കൊച്ചിയിലും പനമ്പിള്ളി നഗറിലും വെള്ളം കയറി. പശ്ചിമ കൊച്ചിയോട് ചേർന്ന കോളനികളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കമ്മട്ടിപാടത്തെ വീടുകളിൽ വെള്ളം കയറി. ആളുകൾ തങ്ങളുടെ സാധനങ്ങളെല്ലാം വീടുകളിൽ നിന്നു മാറ്റുകയാണ്. സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്റിമീറ്റർ തുറന്നു കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

Read Also: Kerala Plus One Admission: പ്ലസ് വൺ പ്രവേശനം: ഓൺലെെനായി അപേക്ഷിക്കാം

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയടിക്കാനും സാധ്യതയുണ്ട്. ജൂലൈ 28, 29, 30, 31, ഓഗസ്റ്റ് 1 തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.