തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലും മാഹിയിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴയാണ് അടുത്ത 24 മണിക്കൂറിൽ പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ വരെ മഴയും ലഭിച്ചേക്കാം. മലപ്പുറം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Read Also: ഇന്ധനവില വർധന തുടരുന്നു; പെട്രോളിന് 82 രൂപ

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇന്നു മുതൽ ജൂലെെ രണ്ട് വരെ കേരള, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. മേൽപറഞ്ഞ പ്രദേശങ്ങളിലെ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.