തൃശൂർ: ജലനിരപ്പ് 418 മീറ്ററായതിനെ തുടർന്ന് തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് ഡാമിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്‌ടർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പുയർന്ന് 419 മീറ്ററായാൽ റെഡ് അലേർട്ട് പുറപ്പെടുവിക്കും. ഇന്നു രാവിലെ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് ഇപ്പോഴത്തെ ജലനിരപ്പ് 418.50 മീറ്റർ ആണ്.

419.4 മീറ്ററായാൽ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ജലനിരപ്പ് 417 മീറ്ററായപ്പോഴാണ് ബ്ലു അലർട്ട് പ്രഖ്യാപിച്ചത്. തൃശൂർ, എറണാകുളം ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കലക്‌ടർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഡാമിന്റെ പരിസരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം.

Read Also: കൊരട്ടിയിൽ ചുഴലിക്കാറ്റ്; നിർത്തിയിട്ട ലോറി മറിഞ്ഞു, വീഡിയോ

എറണാകുളം ജില്ലയിൽ ചാലക്കുടിപ്പുഴയുടെയും കൈവഴികളുടെയും സ്വാധീന പഞ്ചായത്തുകളായ അയ്യമ്പുഴ, മഞ്ഞപ്ര, കറുകുറ്റി, പാറക്കടവ്, പുത്തൻവേലിക്കര, കുന്നുകര, കരുമാല്ലൂർ, നെടുമ്പാശേരി, ചേന്ദമംഗലം, ചെങ്ങമനാട്, വടക്കേക്കര, ചിറ്റാറ്റുകര, മൂത്തകുന്നം, നഗരസഭകളായ വടക്കൻ പറവൂർ, അങ്കമാലി എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും തഹസിൽദാർമാർക്കും ജില്ലാ കലക്‌ടർ നിർദേശം നൽകിയിരുന്നു.

ശക്തമായ മഴ തുടരും, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

മലയോരമേഖലയില്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. മലയോര മേഖലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഉണ്ട്. മഴ കനത്തതോടെ തീരമേഖലയില്‍ കടലാക്രമണ ഭീഷണിയുമുണ്ട്. സംസ്ഥാനത്തെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

Read Also: Triple Lockdown: ട്രിപ്പിൾ ലോക്ക്ഡൗൺ: അറിയേണ്ടതെല്ലാം

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.