തിരുവനന്തപുരം: തുലാവർഷം ശക്തിപ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
കാറ്റിന്റെ വേഗത 45-55 കിലോമീറ്റർ വേഗതയിൽ 65 കിലോമീറ്റർ വേഗതയിൽ എത്താൻ സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലുമുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയില്‍ പലയിടങ്ങളിലും ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും. പലയിടത്തും വീടുകളില്‍ വെള്ളം കയറി. കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. മലയോര മേഖലയിലടക്കം കനത്ത മഴ പെയ്തു.
പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം കോഴിക്കോട് ബാലുശേരിക്കു സമീപത്തെ കോട്ടനടയില്‍ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ബാലുശേരി മേഖലയില്‍ ചെറിയ രീതിയില്‍ ഉരുള്പൊട്ടലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
പനങ്ങാട് പഞ്ചായത്തിലെ പിണ്ടംനീക്കിമല, കോട്ടൂര്‍ പഞ്ചായത്തിലെ പാത്തിപ്പാറ എന്നിവിടങ്ങളിലാണ് നേരിയ തോതില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്. വൈകീട്ട് മുതലുണ്ടായ കനത്ത മഴയില്‍ പലയിടത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. കോഴിക്കോട്ട് നഗരത്തിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
പാവുകണ്ടി ഭാഗത്ത് 14 കുടുംബങ്ങളെ തൃക്കുറ്റിശേരി യു.പി സ്കൂളിലേക്ക് മാറ്റി. പനങ്ങാട്, പാത്തിപ്പാറമല എന്നിവിടങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റി. പാത്തിപ്പാറമലയ്ക്ക് സമീപം വ്യാപമായ കൃഷിനാശമുണ്ടായി. പലയിടത്തും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.
തിരുവനന്തപുരം പൊൻമുടിയിൽ കനത്ത മഴ പെയ്യുന്നതിനാൽ കിള്ളിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത രണ്ടു ദിവസം പൊൻമുടിയിലേക്കുള്ള യാത്ര അനുവദിക്കില്ല.