തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് മൂന്നാംദിവസവും മാന്നാർ കടലിടുക്കിൽ തുടരുന്നു. ന്യൂനമർദമായതോടെ കാറ്റിന്റെ വേഗം 30 മുതൽ നാൽപത് കിലോമീറ്റർ വരെയായി ചുരുങ്ങി.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. മാന്നാർ ഉൾക്കടലിൽ ന്യൂനമർദ്ദം തുടരുന്നതാണ് മഴ ശക്തമാകാൻ കാരണം.

കനത്ത ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുളള നിരോധനം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അതേസമയം തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലും കാവേരി തീരമേഖലയിലും മഴ തുടരുകയാണ്. ഇടവിട്ട് കനത്ത മഴയുണ്ട്. മാന്നാര്‍ കടലിടുക്കില്‍ തുടരുന്ന ബുറേവി ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായി ശക്തികുറഞ്ഞ ന്യൂനമര്‍ദ്ദമായി മാറി. ഇതോടെയാണ് കേരള, പുതുച്ചേരി തീരങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയത്. തീരമേഖലകളില്‍ നിന്ന് ഒന്നരലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

Read More: ഭയപ്പെടുത്തി പിൻവാങ്ങി ബുറെവി; കേരളത്തിൽ ജാഗ്രത തുടരും

തമിഴ്‌നാട്ടിൽ മൂന്ന് മരണമെന്ന് റിപ്പോർട്ട്. കടലൂരിൽ 35 വയസുള്ള സ്ത്രീയും 10 വയസ്സുള്ള മകളും മരിച്ചു. വീട് തകർന്ന് ദേഹത്ത് വീണായിരുന്നു മരണം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീ ചികിത്സയിലാണ്. ചെന്നൈയിൽ വെള്ളക്കെട്ടില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ഒരു യുവാവും മരിച്ചു. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. കടലൂർ പുതുച്ചേരി തീരത്തും ശക്തമായ മഴയുണ്ട്.

‘ബുറെവി’ മാന്നാർ ഉൾക്കടലിൽ തന്നെ അവസാനിക്കാൻ സാധ്യതയും പ്രവചിക്കപ്പെടുന്നു. ഇന്ത്യൻ തീരം തൊടാൻ മടിച്ചു നിൽക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.