Kerala Rains: കൽപ്പറ്റ: കലി തുളളി തിമിർത്തു പെയ്യുന്ന മഴയിൽ വലയുകയാണ് ജനജീവിതം. കേരളത്തിന്റെ പതിനാലു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ സംസ്ഥാനം ഇതുവരെ നേരിട്ടിട്ടില്ലാത്ത സ്ഥിതിഗതികളിലൂടെയാണ് കടന്നുപോകുന്നത്. 39 അണക്കെട്ടുകളിൽ 33 അണക്കെട്ടുകളും തുറന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഒരേ സമയം ഇത്രയും ഡാമുകൾ തുറക്കുന്നത് ഇതാദ്യം.

ഒറ്റരാത്രി കൊണ്ട് വീട് നഷ്ടപ്പെട്ടത് നിരവധി പേർക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുളള ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത് പതിനായിരങ്ങൾ. വീടുകളിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാനുളള പ്രവർത്തനങ്ങൾ ഇപ്പോഴും ഊർജ്ജിതമായി തുടരുന്നു.

മഴയിൽ ദുരിതത്തിലായ ജനജീവിതത്തെക്കുറിച്ച് പറയുമ്പോൾ ഒപ്പം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെക്കുറിച്ച് പറയാതിരിക്കാനാവില്ല. ചെറുതോണി ഡാം തുറന്നപ്പോൾ കുത്തിയൊഴുകുന്ന വെളളത്തെ അവഗണിച്ച് ചെറുതോണി ഡാമിന് മുകളിലൂടെ ഒരു കുഞ്ഞിനെയും കൊണ്ട് ഓടുന്ന രക്ഷാപ്രവർത്തകന്റെ ദൃശ്യങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് ഓരോരുത്തരും കണ്ടത്. സ്വന്തം ജീവന് വില നൽകാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സോഷ്യൽ മീഡിയ ഒന്നടങ്കം ബിഗ് സല്യൂട്ട് അടിക്കുകയും ചെയ്തു.

Read More: ജലതാണ്ഡവത്തോട് പൊരുതുന്നവര്‍: കുഞ്ഞിനേയും നെഞ്ചോട് ചേര്‍ത്ത് ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍

രക്ഷാപ്രവർത്തനത്തിൽ കേരള പൊലീസും ഒട്ടും പുറകിലല്ല. വയനാട്ടിൽനിന്നുളള ഒരു വീഡിയോ കേരള പൊലീസിന് ഒരു ബിഗ് സല്യൂട്ട് അടിപ്പിക്കും. വയനാട് പൊഴുതന കുറിച്യാർ മലയിലെ വയർലസ് റിപ്പീറ്റർ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ സാഹസിക യാത്രയാണ് വീഡിയോയിലുളളത്.

ഉരുൾപൊട്ടൽ കാരണം ജീപ്പ് റോഡ് പൂർണമായും തകർന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ സഞ്ചരിക്കാനാകാത്ത പാതയിലൂടെ എഴു കിലോമീറ്റർ സഞ്ചരിച്ചാലേ വയർലസ് റിപ്പീറ്റർ സ്റ്റേഷനിലേക്ക് എത്താനാകൂ. ഈ സംഘം സുരക്ഷിതമായി സ്റ്റേഷനിൽ എത്തിയ ശേഷമേ അവിടെ ഡ്യൂട്ടിയിലുള്ളവർക്ക് തിരിച്ച് മടങ്ങാനാകൂ. യാത്രയ്ക്കൊപ്പം ഒരാഴ്ചത്തെ ഭക്ഷണം കൂടി കൈയ്യിൽ കരുതുകയും വേണം. ഭക്ഷണം അടങ്ങിയ ബാഗും പുറകിലിട്ടാണ് കുത്തിയൊഴുകുന്ന മലവെളളപ്പാച്ചിലിൽ ജീവിതത്തിനും മരണത്തിനിടയിലൂടെയുള്ള കേരള പൊലീസ് സംഘത്തിന്റെ സാഹസിക യാത്ര.

വയനാട്ടിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 130 ലധികം ക്യാംപുകളിലായി പതിനായിരത്തിലധികം ആളുകളാണുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ