തൊടുപുഴ: ജലവിതാനം പൂര്‍ണ സംഭരണ ശേഷിയോടടുക്കുന്ന ഇടുക്കി ഡാം തുറന്നുവിടാനുള്ള ക്രമീകരണങ്ങളുമായി സര്‍ക്കാരും ജില്ലാ ഭരണകൂടവും മുന്നോട്ടുപോകുന്നു. ഡാം തുറക്കുന്നതിനെ കുറിച്ച് കേരളത്തിലെല്ലായിടത്തും ആശങ്ക നിറഞ്ഞ ചർച്ചകൾ നടക്കുന്നു. ഡാം തുറന്നുവിടാന്‍ പോകുന്നുവെന്ന വാര്‍ത്തയെ ഇടുക്കി ഡാമിന്റെ ഈ പ്രദേശത്തുളളവർ എങ്ങിനെയാണ് കാണുന്നത്. വെളളം തുറന്നുവിടുന്നതിന് മുന്നോടിയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അടുത്തത് റെഡ് അലർട്ട് പ്രഖ്യാപനം കഴിഞ്ഞാൽ ഡാം തുറക്കും. ഈ സാഹചര്യത്തിൽ  അവിടുത്തെ പ്രദേശവാസികൾ  അതേ കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു.

കുടിയേറ്റ കാലം മുതല്‍ മണ്ണിനോടും കാട്ടുമൃഗങ്ങളോടും ഇണങ്ങിയും പിണങ്ങിയും ജീവിതം കരുപ്പിടിപ്പിച്ച ഇടുക്കിയിലെ കുടിയേറ്റ ജനതയെ സംബന്ധിച്ചിടത്തോളം ഡാം തുറന്നുവിടുന്നതും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമൊന്നും അത്ര പുതിയ സംഭവമല്ല, അതുകൊണ്ടു തന്നെയാവും ഡാം തുറന്നുവിടുമ്പോള്‍ വെള്ളം ഒഴുകി വരാന്‍ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ക്കു മാറി താമസിക്കണമെന്ന് അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും ‘വെളളം തൊറന്നു വിടാറാകുമ്പം മാറാവെന്നേ’ എന്ന വളരെ ലാഘവത്തോടെ  പ്രദേശവാസികൾ പ്രതികരിക്കുന്നത്. റവന്യൂ അധികൃതരുടെ കണക്കു പ്രകാരം മരിയാപുരം പഞ്ചായത്തില്‍ നാല്‍പ്പത്തഞ്ചോളം കുടുംബങ്ങളാണ് മാറിത്താമസിക്കേണ്ടി വരിക.

ചെറുതോണി ടൗണിലും മറ്റും നദിയിലെ തടസങ്ങള്‍ മാറ്റുന്ന ജോലികള്‍ പുരോഗമിക്കുന്നു. ഫോട്ടോ: സന്ദീപ് വെളളാരംകുന്ന്

“വെള്ളം വന്നാല്‍ ഒലിച്ചുപോകുമെന്ന പേടിയൊന്നും ഞങ്ങള്‍ക്കില്ല, ചാനലുകളില്‍ ആശങ്കയെന്നൊക്കെ കാണിക്കുന്നുണ്ടെങ്കിലും അതിലൊന്നും കാര്യമില്ല, ഡാം തൊറന്നുവിടുകാണേ ആവശ്യമൊണ്ടേ മാറിനിക്കും വെള്ളം എറങ്ങുമ്പം തിരിച്ചുവരും അത്രതന്നെ,” ചെറുതോണിക്ക് സമീപമുള്ള തടിയമ്പാട് സ്വദേശിയായ അനീഷ് പറയുന്നു. ചെറുതോണി ഡാമില്‍ നിന്നു വെള്ളം തുറന്നുവിടുമ്പോള്‍ ഒഴുകിയെത്തുന്ന ചെറുതോണി ടൗണിലും മറ്റും നദിയിലെ തടസങ്ങള്‍ മാറ്റുന്ന ജോലികള്‍ പുരോഗമിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ ഇതു കാര്യമായി ബാധിച്ചിട്ടേയില്ല. “കഴിഞ്ഞ രണ്ടു തവണ ഡാം തുറന്നതിനും ഞാന്‍ സാക്ഷിയാണ്. യാതൊരു നാശനഷ്ടവും ഉണ്ടാക്കാതെയാണ് വെള്ളം ഒഴുകിപ്പോയത്, നാട്ടുകാരില്‍ ചിലര്‍ക്ക് ഇന്ന് 23 കിലോ വരെ തൂക്കവൊള്ള മീനൊക്കെ കിട്ടി.” ചെറുതോണി ടൗണില്‍ വച്ചുകണ്ട ലോട്ടറി വില്‍പ്പന നടത്തുന്നയാള്‍ പറഞ്ഞു.

അതേസമയം, ഡാം തുറക്കുന്നതിനു മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റ നിർദ്ദേശ പ്രകാരം ആറിന്റെ തീരത്ത് താമസിക്കുന്നവരോടു മാറിത്താമസിക്കണമെന്നു കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ചെറുതോണി മുതല്‍ വെള്ളം ഒഴുകിപ്പോകാനിടയുള്ള വാത്തിക്കുടി, വാഴത്തോപ്പ്, മരിയപുരം, കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലെ ആറ്റു തീരത്തു താമസിക്കുന്നവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആറിന്റെ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന കടകള്‍ അടയ്ക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ആറിന്റെ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന കടകള്‍ അടയ്ക്കാൻ നിർദ്ദേശിച്ച് നോട്ടീസ് പതിപ്പിച്ചിരിക്കുന്നു. ഫോട്ടോ: സന്ദീപ് വെളളാരംകുന്ന്

മാറിത്താമസിക്കുന്നവര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി പറയുന്ന പ്രകാരമുള്ള ഓരോ കിറ്റും പഞ്ചായത്ത് സൗജന്യമായി നല്‍കുമെന്ന് മരിയാപുരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് മെംബറായ സീന പറയുന്നു.

അതേസമയം, ചെറുതോണി ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള മിക്കവരും അഭിപ്രായപ്പെടുന്നത് വെള്ളം തുറന്നുവിട്ടാല്‍ നഷ്ടം വരുന്നത് അനധികൃത കൈയ്യേറ്റക്കാര്‍ക്ക് മാത്രമാണെന്നാണ്. 1981-ലും 1992-ലും ഡാം തുറന്നുവിട്ടപ്പോള്‍ വെള്ളം ഒഴുകിപ്പോകാന്‍ തക്കവിധത്തില്‍ ആറിന് വീതിയുണ്ടായിരുന്നു. പിന്നീടുള്ള കൈയ്യേറ്റങ്ങളാണ് ആറിന്റ വീതി ഇല്ലാതാക്കിയത്. ഇപ്പോള്‍ പലയിടത്തും ചെറുതോണിയില്‍ നിന്നും വെള്ളക്കയം വഴി തടിയമ്പാടേക്കുള്ള ആറിന്റെ ഒഴിക്കു തടസപ്പെടുന്ന രീതിയിലാണ് കൈയ്യേറ്റങ്ങള്‍. ഇപ്പോള്‍ വെള്ളം തുറന്നുവിടുന്നത് ഒരുവിധത്തില്‍ പറഞ്ഞാല്‍ നല്ലതാണ്, ഡാം കൈയ്യേറ്റമെങ്കിലും ഇല്ലാതാകുമല്ലോ, ടൗണിലെ ഒരു വ്യാപാരി പറയുന്നു.

ചെറുതോണിയിലും ഇടുക്കിയിലുമുള്ള ജനങ്ങളെ സംബന്ധിച്ചിടത്തോളം ഡാം തുറക്കല്‍ വാര്‍ത്ത അവരെ അത്ര കാര്യമായി ബാധിക്കുന്നില്ല. കടകളില്‍ വെള്ളം കയറുമെന്നൊക്കെ ചാനലുകളില്‍ കണ്ടതു ശരിയാണോ. തമിഴ്‌നാട്ടില്‍ നിന്നു വന്ന് ചെറുതോണി ടൗണില്‍ വര്‍ഷങ്ങളായി ടെക്‌സ്റ്റൈല്‍സ് നടത്തുന്നയാള്‍ ചോദിക്കുന്നു. “ഡാം നിര്‍മാണത്തിന്റെ ഓരോ ഘട്ടങ്ങളും ഞങ്ങള്‍ക്കറിയാം. അത്ര കൃത്യമായും ഉത്തരവാദിത്വത്തോടെയുമാണ് ഇടുക്കി ഡാമിന്റെ നിര്‍മാണം. അതുകൊണ്ടുതന്നെ ഡാം തുറന്നുവിട്ടാലും യാതൊന്നും സംഭവിക്കില്ലെന്നുറപ്പാണ്. കഴിഞ്ഞ രണ്ടു തവണ വെള്ളം തുറന്നുവിട്ടപ്പോഴും പ്രശ്‌നമൊന്നുമുണ്ടായില്ല. ഇനി തുറന്നുവിട്ടാലും അങ്ങനെ തന്നെയാകുമെന്നാണ് പ്രതീക്ഷ” 82 കാരനും ചെറുതോണി സ്വദേശിയുമായ ഉലഹന്നാന്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.