ആലുവ: പെരിയാർ നിറഞ്ഞൊഴുകിയതോടെ ആലുവ മഹാദേവക്ഷേത്രം ഏതാണ്ട് പൂർണമായും വെളളത്താൽ മുങ്ങിയ നിലയിലാണ്. ഇടമലയാർ, ചെറുതോണി അണക്കെട്ടുകളുടെ ഷട്ടർ തുറന്നതോടെയാണ് പെരിയാർ നിറകവിഞ്ഞത്. ആലുവ ശിവരാത്രി മണപ്പുറം വെളളത്തിനടിയിലാണ്. ഇത് ബലിതർപ്പണത്തെ ബാധിക്കാൻ സാധ്യതയുണ്ട്.

ശനിയാഴ്ച പുലർച്ചെ നാലു മുതൽ ഉച്ചവരെയാണ് വാവുബലി തർപ്പണം. ശിവരാത്രി മണപ്പുറം വെളളത്തിൽ മുങ്ങിയതോടെ ബലി തർപ്പണം ഉയർന്ന പ്രദേശത്തേക്ക് മാറ്റേണ്ടിവന്നേക്കും. 2013 ൽ ഇടമലയാർ അണക്കെട്ട് തുറന്നപ്പോൾ സമാന സാഹചര്യം ഉണ്ടായിരുന്നു. അന്ന് റോഡിൽവച്ചാണ് ബലി തർപ്പണം നടത്തിയത്.

ആലുവ മഹാദേവ ക്ഷേത്രം വെളളത്തിൽ മുങ്ങിയപ്പോൾ. ചിത്രം: നാഗ പ്രകാശ്

കനത്ത മഴയെ തുടർന്ന് പാലക്കാട് കൽപ്പാത്തി പുഴയും നിറകവിഞ്ഞൊഴുകുകയാണ്. കല്‍പ്പാത്തി പുഴയോരത്ത് നടക്കുന്ന ബലിതർപ്പണത്തെയും ഇത് ബാധിച്ചേക്കും.

ഫയൽ ചിത്രം. Photo Credit : Ramesh Varma

ഇടമലയാറിനു പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നുവിട്ടതോടെയാണ് പെരിയാറിലെ ജലനിരപ്പ് ഉയർന്നത്. ആദ്യ ഷട്ടർ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് തുറന്നത്. മണിക്കൂറുകൾക്കകം പെരിയാറിന്റെ തീരത്തുളള താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങി. ഇന്നു ഡാമിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഷട്ടറുകളുടെ എണ്ണം ഉയർത്തിയതോടെ ജലനിരപ്പ് ശനിയാഴ്ചയോടെ താഴില്ലെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ബലി തർപ്പണം മണപ്പുറത്ത് ഇത്തവണ നടത്താൻ കഴിയില്ല.

ആലുവ മഹാദേവ ക്ഷേത്രം വെളളത്തിൽ മുങ്ങിയപ്പോൾ. ചിത്രം: നാഗ പ്രകാശ്

ആലുവയിലെ ഏലൂർ കുറ്റിക്കാട്ടുകര എന്നിവിടങ്ങൾ വെളളത്തിലായി. ഇവിടങ്ങളിലെ വീടുകളിലും വെളളം കയറി. ജനങ്ങളെ മാറ്റി പാർപ്പിച്ചു. ചെറുതോണി, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതോടെ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിലാണ്. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ