തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട് ,കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട ഒഴികെയുള്ള 13 ജില്ലകളിൽ നാളെ മഴമുന്നറിയിപ്പുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ ദുർബലമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശ മേഖലകളിൽ കടൽക്ഷോഭം ശക്തമാണ്. മത്സ്യബന്ധന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

Read Also: ഞാൻ നിന്നെ സ്‌നേഹിക്കുന്നു പെൺകുഞ്ഞേ, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് ആഗ്രഹിക്കുന്നു; മകൾക്ക് ജന്മദിനാശംസകളുമായി പൃഥ്വി

കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. സെപ്‌റ്റംബർ ആറോടെയാണ് അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപംകൊണ്ടത്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ല. കേരള തീരത്ത് 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കുക. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.