തൊടുപുഴ: മൂന്നാറിൽ പളളിവാസലിൽ പ്ലംജൂഡി റിസോർട്ടിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയും ആണ് ആദ്യം പുറത്ത് എത്തിച്ചത്. രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളുമടങ്ങുന്ന റഷ്യന്‍ കുടുംബത്തെ സമാന്തരമായ നടപ്പാതയിലൂടെയാണ് പുറത്ത് കൊണ്ടുവന്നത്. ഇവര്‍ കുമരകത്തേക്ക് പുറപ്പെട്ടു. അമേരിക്കക്കാരായ ദമ്പതികള്‍ പത്തനംതിട്ട മാരാമണിലേക്കും പുറപ്പെട്ടു. അടിയന്തിരമായി പുറത്ത് പോകേണ്ടവരെയാണ് സാഹസികമായ സമാന്തര പാത വഴി പുറത്ത് കൊണ്ടുവന്നത്. ഇവർക്കു പിന്നാലെ ബാക്കിയുളളവരെയും രക്ഷപ്പെടുത്തി.

വിദേശികളടക്കം 60 ഓളം പേരാണ് റിസോർട്ടിൽ കുടുങ്ങിക്കിടന്നത്. റിസോർട്ടിന് സമീപം ഉരുൾപൊട്ടലിനെ തുടർന്ന് വലിയ പാറകൾ ഇടിഞ്ഞു വീണു. ഇതോടെ ഗതാഗതം തടസ്സപ്പെടുകയും സഞ്ചാരികൾ റിസോർട്ടിൽ കുടുങ്ങുകയും ആയിരുന്നു. രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് റിസോർട്ടിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ അയച്ച വീഡിയോ പുറത്തുവന്നിരുന്നു.


(വീഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്)

ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇടുക്കി ജില്ലയാണ് കനത്ത മഴയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഉരുൾപൊട്ടലിൽ പത്തിലധികം പേർ ഇവിടെ മരിച്ചിട്ടുണ്ട്. ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകൾ 40 സെന്റിമീറ്റർ വീതം തുറന്നു. സെക്കന്‍ഡില്‍ 1,20,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് വരുന്നത്. എന്നാൽ ഇതിനിരട്ടി വെളളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നുണ്ട്. ജലനിരപ്പ് ഉയരുന്നതിനാൽ ചെറുതോണിപ്പുഴ, പെരിയാർ തീരങ്ങളിലുളളവർ അതീവജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിനുള്ളില്‍ ഇടുക്കിയില്‍ മാത്രം 129 മില്ലീ മീറ്റര്‍ മഴയാണ് പെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ