കൊച്ചി: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ നേരിൽ കാണാനായി മമ്മൂട്ടി എത്തി. വടക്കൻ പറവൂർ പുത്തൻവേലിക്കരയിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ കാണാൻ വെളളിയാഴ്ച രാത്രിയാണ് മമ്മൂട്ടി എത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം.

രാത്രി 11 മണിക്ക് സ്ഥലം എംഎൽഎ വി.ഡി.സതീശനൊപ്പമാണ് മമ്മൂട്ടി എത്തിയത്. ക്യാംപിൽ ഉണ്ടായിരുന്നവരായി മമ്മൂട്ടി സംസാരിച്ചു. പ്രളയം ദുരിതം നേരിടാൻ എല്ലാ സഹായവും മമ്മൂട്ടി വാഗ്‌ദാനം ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.

മമ്മൂട്ടിയുടെ സന്ദർശനം ദുരിതത്തിൽ മനസ്സ് നൊന്തുപോയവർക്ക് ചെറിയൊരു ആശ്വാസമായി. മമ്മൂട്ടിക്കൊപ്പം അവർ ഫോട്ടോ പകർത്തുകയും സംസാരിക്കുകയും ചെയ്തു. എറണാകുളത്ത് 78 ക്യാംപുകളിലായി 10,500 ഓളം പേർ കഴിയുന്നുണ്ട്.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ശക്തമായ മഴ തുടരുന്നുണ്ട്. മഴക്കെടുതിയിൽ 29 പേരാണ് മരിച്ചത്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.