ചെങ്ങന്നൂർ: പ്രളയക്കെടുതിയിൽ തീർത്തും ഒറ്റപെട്ട അവസ്ഥയിലാണ് ചെങ്ങന്നൂർ. രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പോലും സാധിക്കാത്ത തരത്തിൽ പ്രളയം ചെങ്ങന്നൂരിനെ ബാധിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് തടസമായി മഴ ഇപ്പോഴും ചെങ്ങന്നൂർ മേഖലയിൽ തുടരുകയാണ്.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ചെങ്ങന്നൂരിൽ ആളില്ലായെന്നതാണ് ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. ബോട്ടുകളുമായി ചെങ്ങന്നൂരിലെത്തിയിരിക്കുന്ന രക്ഷാപ്രവർത്തകരെ ഏകോപിപ്പിക്കാനാണ് ആളില്ലാത്തത്. ഒന്നിലധികം ബോട്ടുകളാണ് ചെങ്ങന്നൂർ മേഖലയിൽ നിസ്സഹായാവസ്ഥയിൽ കുടുങ്ങി കിടക്കുന്നത്.

കൂടുതൽ ബോട്ടുകളും ഹെലികോപ്റ്ററുകളും ചെങ്ങന്നൂരിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. രക്ഷാപ്രവർത്തനം ഇന്ന് ചെങ്ങന്നൂർ, ചാലക്കുടി മേഖലകളിൽ കൂടുതൽ കേന്ദ്രീകരിക്കാനാണ് ശ്രമം. ചെങ്ങന്നൂർ, പാണ്ടനാട് കേന്ദ്രീകരിച്ചാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ചെങ്ങന്നൂർ പാണ്ടനാട് മേഖലയിൽ മാത്രം 1500 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ട് കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.

ചെങ്ങന്നൂരിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും, ചെങ്ങന്നൂരിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും മന്ത്രി തിലോത്തോമൻ പറഞ്ഞു. ചെങ്ങന്നൂരിൽ എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തണമെന്നും മറിച്ചായാൽ ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടമാകുമെന്നും ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ വികാരഭരിതനായി അഭ്യർത്ഥിച്ചിരുന്നു.

‘ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ. ഞാന്‍ കാലുപിടിച്ചു പറയാം. ഞങ്ങളെ ഒന്നു സഹായിക്ക്. എന്റെ നാട്ടുകാരു മരിച്ചുപോകും. എന്റെ നാട്ടിലെ പതിനായിരം പേരു മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്. എയര്‍ ലിഫ്റ്റിങ്ങല്ലാതെ വേറെ വഴിയില്ല. രാഷ്ട്രീയ ഇടപെടല്‍ കൊണ്ടു മത്സ്യബന്ധന വള്ളങ്ങള്‍ കൊണ്ടുവന്നു ഞങ്ങളാവുന്നതു ചെയ്യുകയാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാനാകുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാ വെള്ളത്തില്‍ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങള്‍ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്. പ്ലീസ്..!’, സജി ചെറിയാന്റെ വാക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.