Kerala rain Idukki Dam water level: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ഫോണ്‍ ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മഴക്കെടുതിയുടെ സാഹചര്യത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് കേരളത്തിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. നിലയ്ക്കാത്ത മഴയെ തുടര്‍ന്ന് ഇടുക്കി റിസര്‍വോയര്‍ ഡാമിലെ ജലനിരപ്പ് 2400 അടിയിലെത്തിയിരിക്കുന്നു. ആവശ്യമെങ്കില്‍ നാളെ രാവിലെ ഒരു ഷട്ടര്‍ കൂടി തുറന്നേക്കുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു.

ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് ഉച്ചയോടെ ട്രയൽ റണ്ണിനായി തുറന്നത്. അതിനിടെ കനത്ത മഴയിലുണ്ടായ ഉരുൾപൊട്ടലിലും അപകടങ്ങളിലുമായി സംസ്ഥാനത്ത് 22 പേർ ഇതുവരെ മരിച്ചു. നാല് പേരെ കാണാതായതായും സ്ഥിരീകരണം ഉണ്ട്. സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എണ്ണായിരത്തോളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിട്ടുണ്ട്. പ്രായമായവർ, രോഗമുള്ളവർ, അംഗ പരിമിതർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ദുരന്ത പ്രദേശങ്ങളിലും ഇത്തരക്കാരെ ശ്രദ്ധിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം, വെള്ളം, വസ്ത്രം,ശുചി മുറികൾ തുടങ്ങിയവ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ക്യാമ്പുകളിൽ ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തും.

മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം രണ്ട് സംഘങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഇപ്പോൾ 24 അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്. ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സ്ഥിതിയണ് ഇപ്പോഴത്തേത്.

ഇടമലയാർ അണക്കെട്ട് ഇന്ന് രാവിലെ അഞ്ച് മണിക്കാണ് തുറന്നത്. അണക്കെട്ടിലെ മൂന്ന് ഷട്ടറുകളാണ് രാവിലെ തുറന്നത്.

HEAVY RAIN LANDSLIDES LIVE UPDATES

9:40 PM : മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിന് തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അഞ്ച് കോടി രൂപ ധനസഹായം. കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തും എന്നും തമിഴ്നാട്‌ മുഖ്യമന്ത്രി അറിയിച്ചു.

8 : 55 PM : വയനാട്, ഹെലികോപ്റ്ററില്‍ നിന്നുള്ള ദൃശ്യം

 

8 : 52 PM : റവന്യു സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ പ്രത്യേക ഏകോപന സെൽ ആരംഭിച്ചു. വിവിധ വകുപ്പുകളുമായും നേവി – വ്യോമസേന- എൻ ഡി ആർ എഫ് , കോസ്റ്റ് ഗാർഡ് എന്നിവരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു. ആവശ്യാനുസരണം ബുൾഡോസർ, ജനറേറ്റർ, ലൈറ്റ് എന്നിവ വാടകക്കെടുത്ത് വിനിയോഗിക്കാൻ ജില്ലാ കലക്ടർമാർക്ക് അനുമതി നൽകിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു

8:43 PM : സൈനികസഹായം

 • ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റർ മുഖേന വയനാട്ടിൽ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തിൽ ഉള്ളത്.
 • ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 സംഘം കോഴിക്കോട് വിമാനത്താവളത്തിൽ എത്തി. ഇവരിൽ 48 പേരടങ്ങുന്ന സംഘം നാളെ രാവിലെയോടെ വയനാട്ടിലെത്തും. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും നാളെ പ്രവർത്തനം നടത്തും. 48 പേരടങ്ങുന്ന ഒരു സംഘം നിലവിൽ കോഴിക്കോട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
 • രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങൾ പാലക്കാട് എത്തും. ഇവരിൽ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാട് പ്രവർത്തിക്കും. 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്ക് പോകും.
 • കണ്ണൂരിൽ നിന്നും കരസേനയുടെ ഒരു സംഘം പെരിയ ചുരം വഴി വയനാട്ടിലേക്ക് തിരിച്ചു. പോകുന്ന പാതയിലെ തടസങ്ങൾ നീക്കിയാണ് ഈ സംഘം വയനാട്ടിൽ എത്തുന്നത്.
  കണ്ണൂരിലും മലപ്പുറത്തും നിലവിൽ കരസേനയുടെ ഓരോ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌.
 • നേവിയുടെ 15 പേരടങ്ങുന്ന സംഘം നിലവിൽ മലപ്പുറത്ത് ലഭ്യമാണ്. 5 പേർ വയനാട്ടിലും എത്തിയിട്ടുണ്ട്. ഏഴിമല നാവിക അക്കാദമിയിൽ നിന്നും ഒരു ടീം വയനാട്ടിലേക്ക് പുറപ്പെട്ടു.
 • കരസേനയുടെ മിലിട്ടറി എഞ്ചിനിയറിംഗ് ഗ്രൂപ്പ് രാത്രിയോടെ കോഴിക്കോട് എത്തും. 34 പേരടങ്ങുന്ന സംഘം 6 ബൗട്ടുകളും 5 ബൗസറുകളുമായാണ് സംഘം എത്തുന്നത്. ഈ സംഘം മലപ്പുറത്തും കോഴിക്കോടും ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട ദുരന്ത പ്രദേശങ്ങളിൽ പ്രവർത്തനം നടത്തും.
 • മറ്റൊരു സംഘം രാത്രിയോടെ കോയമ്പത്തൂരിൽ എത്തും. പകൽ വയനാട്ടിലേക്ക് ചുരം മാർഗം എത്തും
 • കരസേനയുടെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ മൂന്നാമത്തെ സംഘം സെക്കന്തരാബാദിൽ നിന്നും എറണാകുളത്ത് എത്തും. ഇവർ ഇടുക്കിയിൽ രക്ഷാപ്രവർത്തനത്തെ സഹായിക്കും.
 • എയർ ഫോഴ്സിന്റെ AN 32, 2 MI 17, 1 ALH എന്നിവയും കോസ്റ്റ് ഗാർഡ്, നേവി എന്നിവയുടെ 1 ALH ഹെലികോപ്റ്ററും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
  ആവശ്യമെങ്കിൽ C 17 വിമാനവും കൂടുതൽ സേനയും ലഭ്യമാകുമെന്നും സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്.

8:21 PM : ഇടുക്കി റിസര്‍വോയര്‍ ഡാമിലെ ജലനിരപ്പ് 2400 അടിയിലെത്തിയിരിക്കുന്നു. നാളെ ഒരു ഷട്ടര്‍ കൂടി തുറന്നേക്കും. ആവശ്യമെങ്കില്‍ നാളെ രാവിലെ ഒരു ഷട്ടര്‍ കൂടി തുറന്നേക്കുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു.

7:55 PM : നാളെ വിദ്യായഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പാലക്കാട് ജില്ലയില്‍ അംഗനവാടി മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കണ്ണൂര്‍ സര്‍വ്വകലാശാല നാളെ ( ഓഗസ്റ്റ് 10ന്) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. തളിപ്പറമ്പ്, ഇരുട്ടി താലൂക്കുകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.

വയനാട് ജില്ലയിലെ

സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ ജോതമംഗലം, കുന്നത്തുനാട്‌, ആലുവാ, പറവൂര്‍ താലൂക്കുകളിലും കടമക്കുടി ഗ്രാമപഞ്ചായത്തിലും പ്രൊഫഷണല്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ തൊടുപ്പുഴ താലൂക് ഒഴികെയുള്ള എല്ലായിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

7:10 PM :

6:48 PM : ഓഗസ്റ്റ് പതിനേഴ്‌ തിങ്കളാഴ്ച വരെ കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
6:28 PM : ദേശീയ ദുരന്ത നിവാരണ സേനയിലെ അമ്പത്തിരണ്ടുപേരാണ് കേരളത്തില്‍ വരുന്നത്. ഇരുപത്തിയെട്ടുപേര്‍ അടങ്ങിയ രണ്ട് സംഘങ്ങളായാവും ഓപറേഷന്‍. ഒരു സംഘം വൈകിട്ട് എഴുമണിയോടെ പാലക്കാട് എത്തിച്ചേരും. മറ്റൊരു സംഘം ഇടുക്കിയിലേക്കും തിരിക്കും.
6:18 PM : ഉരുള്‍പൊട്ടലിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതുമായ കാര്യങ്ങള്‍ :

6:12 PM : മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇരുവരെ ഇരുപത്തിനാല് അണക്കെട്ടുകളാണ് തുറന്നത്. ഇതുവരെ ഉണ്ടാവാത്ത സ്ഥിതിവിശേഷമാണിത്.

6:03 PM : ഓഗസ്റ്റ് മാസം മാത്രം കേരളത്തിന് ലഭിച്ചത് സാധാരണ ഗതിയിലുള്ളതിനേക്കാള്‍ 316 ശതമാനം അധിക മഴ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്

5:55 PM: ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു

5:50 PM: ശുദ്ധജലക്ഷാമം

 • മലമ്പുഴയില്‍ നിന്നുള്ള പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നതോടെ പാലക്കാട് കുടിവെള്ള ക്ഷാമം ഉണ്ടാവാന്‍ സാധ്യത.
 • ചളിയുടെ അളവ് കൂടിയതിനാല്‍ കൊച്ചിന്‍ കോര്‍പ്പറേഷനിലേക്ക് വാട്ടര്‍ അതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. കൊച്ചിന്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ഭാഗികമായ ജലക്ഷാമം ഉണ്ടായേക്കും.

5:28 PM: ഇടുക്കി ചെറുതോണി അണക്കെട്ടിലെ ട്രയല്‍ റണ്‍ തുടരും. നാളെ രാവിലെ ആറുമണി വരെ ഷട്ടര്‍ തുറന്നിരിക്കും. അതേസമയം തീരപ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

5:12 PM: കനത്ത മഴ, വെള്ളപ്പൊക്കം പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ ലിങ്കില്‍

കനത്തമഴ, വെള്ളപ്പൊക്ക സാധ്യത: സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

5:00 PM: ഇടുക്കി അണക്കെട്ടില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് ഇന്ന് രാത്രിയും ഇതേ അളവില്‍ തന്നെ തുടരും എന്ന് കേരളാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

4:40 PM: മലപ്പുറം നിലമ്പരില്‍ വെള്ളപ്പൊക്കം ആഘോഷിക്കുന്നവര്‍

4:27 PM: രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കരസേനയുടെ എഞ്ചിനീയറിംഗ് ഗ്രൂപ്പ് ബാംഗ്ലൂരില്‍ നിന്നും ഇന്ന് വൈകിട്ടോടെ 8.30 രണ്ട് പ്രത്യേക വിമാനങ്ങളില്‍ കോഴിക്കോട് എത്തും. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ചെന്നൈയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്.

അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടൽ; കനത്ത മഴയിൽ ഒറ്റ രാത്രിയിൽ 17 മരണം

4:18 PM: ഇടുക്കി ഡാമിലെ ജലനിരപ്പ് 2399.58 അടിയായി.

3:56 PM: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, ജി. സുധാകരന്‍, ഡോ. തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, ഡോ. കെ.ടി. ജലീല്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

3:49 PM: കാലവര്‍ഷക്കെടുതി നേരിടാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സെക്രട്ടേറിയറ്റില്‍ 24 മണിക്കൂര്‍ നിരീക്ഷണ സെല്‍ രൂപീകരിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍ സജീവ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

3:30 PM: മലപ്പുറം വണ്ടൂരില്‍ വെള്ളംകയറി റോഡ്‌ തകരുന്നു

3:17 PM: പെരുമ്പാവൂരില്‍ ഒഴുക്കില്‍ പെട്ട് രണ്ടുപേര്‍ മരിച്ചു. ഐരാവരം തട്ടുപാലത്തിന് സമീപം രണ്ട് പ്ലസ് ട്ടു വിദ്യാര്‍ഥികളാണ് ഒഴുക്കില്‍ പെട്ട് മരിച്ചത്. ഇതോടെ മരണസംഖ്യ ഇരുപത്തിരണ്ടായി. നാല് പേരെ കാണാതായതായും സ്ഥിരീകരണം ഉണ്ട്.

കലിതുളളി മഴ, മലപ്പുറം വണ്ടൂരിൽ റോഡ് ഒലിച്ചുപോയി-വീഡിയോ

3:07 PM: അതേസമയം നേരത്തെ നിര്‍ത്തിവച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 3:05PMന് പുരരാരംഭിക്കുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് തീരുമാനം.

3:00 PM:
ശക്തമായ മഴ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പാലക്കാട് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ 1.5 മീറ്റര്‍ തുറന്നിട്ടുണ്ട്. ഇത് വരെ ഒരു മീറ്ററില്‍ കൂടുതല്‍ തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പുഴകളില്‍ ഇറങ്ങരുതെന്നും മീന്‍ പിടിക്കാന്‍ പോവരുതെന്നും കലക്ടര്‍ അറിയിച്ചു. ഡാമില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവില്‍ ഇന്ന് രാത്രി വരെ കുറവുണ്ടാക്കാനുള്ള സാഹചര്യമില്ലെന്നും അറിയിച്ചു.

 • പൊലീസ്- റവന്യു വകുപ്പിന്റെ മുന്നറിയിപ്പുകള്‍
 • പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടം കൂടി നില്‍ക്കരുത്. വെള്ളമൊഴുക്ക് കാണാന്‍ വരരുത്.
 • സമീപത്തു നിന്ന് സെല്‍ഫി എടുക്കരുത്.
 • നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉളളവരും അതീവ ജാഗ്രത പാലിക്കുക.
 • പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുക.
 • ദുരിതാശ്വാസ കാംപുകള്‍ സജ്ജം

വെള്ളം കയറുന്ന പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 10 ദുരിതാശ്വാസ കാംപ് പാലക്കാട് താലൂക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. 192 കുടുംബങ്ങളെ ഇത് വരെ കാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. അകത്തേത്തറ വില്ലേജില്‍ ആണ്ടിമഠത്തെ പാഞ്ചാലിയമ്മന്‍ കോംപ്ലക്സില്‍ 50 കുടുംബം, മായാ ഓഡിറ്റോറിയം 30 കുടുംബം, പാലക്കാട് 2 വില്ലേജിലെ ഗായത്രി മണ്ഡപം സ്‌കൂളുകളില്‍ 75 കുടുംബങ്ങള്‍, പാലക്കാട് 1 വില്ലേജില്‍ ഒലവക്കോട് കോംപ്ലക്‌സില്‍ ആറു കുടുംബങ്ങള്‍, പിരായിരി വില്ലേജിലെ എം.ഐ ഹാളില്‍ 14 കുടുംബങ്ങള്‍, പറളി 1 വില്ലേജിലെ പറളിപള്ളിയില്‍ 12 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ അടിയന്തര സാഹചര്യം നേരിടാന്‍ അയ്യപുരം, കുമരപുരം, എല്ലന്‍പുരം (പാലക്കാട് 2 വില്ലേജ്) കാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍

 • ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ നമ്പറുകള്‍ കലക്ടറേറ്റ്-0491 2505309, 0491 2505209, 0491 2505566, ജില്ലാ കലക്ടര്‍- 0491-2505266, 9387288266, പൊലീസ്- 0491 2534011, 2533276, 9497996977, ഡിഎംഒ(ആരോഗ്യം)- 0491 2505264, 2505189, 9946105487
 • താലൂക്കുകളായ പാലക്കാട് 0491 2505770, ആലത്തൂര്‍ 04922222324, ചിറ്റൂര്‍- 04923 224740, ഒറ്റപ്പാലം 0466 2244322, പട്ടാമ്പി 0466 2214300, മണ്ണാര്‍ക്കാട് 04924 222397.
 • ദുരന്തനിവാരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍
 • ആനിയമ്മ വര്‍ഗീസ്, തഹസില്‍ദാര്‍ (ഭൂരേഖ) പാലക്കാട്- 8547614901, ടോമി തോമസ്, എച്ച്.ക്യു.ഡി.റ്റി
 • വില്ലജുകള്‍: പാലക്കാട്-1-8547614902, പാലക്കാട്-2-8547614903, പാലക്കാട് – 3- 8547614904
 • അമൃതവല്ലി ഡി, സ്പെഷല്‍ തഹസില്‍ദാര്‍ എല്‍.ആര്‍, പാലക്കാട് – 9447751461, കേശവന്‍ പി.കെ, എച്ച്.എം.ഓ
 • വില്ലേജുകള്‍: മലമ്പുഴ -1-8547614906, മലമ്പുഴ -2- 8547614907, അകത്തേത്തറ-8547614905
 • സുരേഷ്‌കുമാര്‍ എന്‍.എസ്, സ്പെഷല്‍ തഹസില്‍ദാര്‍ എല്‍.എ (കിന്‍ഫ്ര), പാലക്കാട്- 9446196745, രാജശേഖരന്‍ പി, ഡെപ്യൂട്ടി തഹസില്‍ദാര്‍, എല്‍.എ കിന്‍ഫ്ര
 • വില്ലേജുകള്‍: പുതുശ്ശേരി ഈസ്റ്റ് – 8547614926, പുതുശ്ശേരി വെസ്റ്റ് – 8547614928, പുതുശ്ശേരി സെന്‍ട്രല്‍ – 8547614927, കൊടുമ്പ്- 8547614929
 • സുമതി പി, തഹസില്‍ദാര്‍ ആര്‍.ആര്‍, പാലക്കാട്- 9961595116, മോഹനകുമാര്‍ കെ, ഡെപ്യൂട്ടി തഹസില്‍ ദാര്‍
 • വില്ലേജുകള്‍: പിരായിരി- 8547614909, പറളി- 1- 8547614913, പറളി – 2-8547614914
 • പി.എസ്. വര്‍ഗീസ്, സീനിയര്‍ സൂപ്രണ്ട്, ആര്‍.ഡി.ഓ, പാലക്കാട്- 9446213861, പുഷ്പരാജ് എ, എസ്.ഡി.റ്റി
 • വില്ലേജുകള്‍: പുതുപ്പരിയാരം -1- 8547614922, പുതുപ്പരിയാരം -2- 8547614923

2:34 PM: ഇടുക്കി ,കണ്ണൂർ , വയനാട് , കോഴിക്കോട് , പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

2:25 PM: മഴയെ തുടര്‍ന്ന് കേരളത്തിലെ ഏറ്റവും വലിയ പുഴയായ ഭാരതപ്പുഴയില്‍ അപകടകരമാം ജലനിരപ്പ് കൂടിയിട്ടുണ്ട്.

പാലക്കാട് പര്‍ളിയില്‍ നിന്നുള്ള ഭാരതപുഴയുടെ ദൃശ്യം

2:17 PM: എറണാകുളത്ത് ആലുവയിലും കളമശ്ശേരിയിലുമായി ദുരിതാശ്വാസ ക്യാംബ് തുറന്നു. താഴ്ന്ന പ്രദേശത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി. പ്രദേശത്ത് ഫയര്‍ ഫോഴ്സും രക്ഷാപ്രവര്‍ത്തക സംഘവും വിന്യസിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ഭയപ്പെടേണ്ടതില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

എറണാകുളം ഒക്കല്‍ തുരുത്തില്‍ നിന്നും  ആളുകളെ ഒഴിപ്പിക്കുന്നു

1.55 PM: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് വിമാനങ്ങള്‍ ഇറങ്ങില്ല. എമർജൻസി കൺട്രോൾ റൂം തുറന്നു. 0484 3053500 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വിവരങ്ങൾ ലഭിക്കും.

1.35 PM: ഇടമലയാർ അണക്കെട്ടിൽ നിന്ന് പുറത്തേക്ക് വിട്ട വെളളത്തിന്റെ അളവ് ഉയർത്തി. ഇത് ആലുവയിൽ മൂന്ന് മണിക്കും പറവൂരിൽ നാല് മണിക്കും എത്തിച്ചേരുമെന്നാണ് വിവരം.

1.30 PM: ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി, ഹൗറ എന്നീ ഭാഗങ്ങളിലേയ്ക്കുള്ളതുരം തിരികെയുളളതുമായ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. പാലക്കാട് നിന്നും കോയമ്പത്തൂരിലേയ്ക്കുളള​ ട്രങ്ക് റൂട്ടിൽ കഞ്ചിക്കോടാണ് ഗതാഗത തടസ്സം ഉണ്ടായിരിക്കുന്നത്. നൂറോളം ട്രെയിൻ സർവീസുകളെ ഇത് ബാധിക്കുമെന്നാണ് അനുമാനിക്കുന്നത്. ട്രാക്കിന്റെ അടിയിൽ മണ്ണൊലിപ്പ് ഉണ്ടായതിനാൽ ഇവ പൂർവ്വസ്ഥിതിയിലാക്കി പരീക്ഷണ ഓട്ടത്തിന് ശേഷമേ സർവീസുകൾ പഴയ രീതിയിൽ പുനരാരംഭിക്കാൻ സാധിക്കുകയുളളൂ.

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് റെയിൽവെ പാതയിൽ വെളളം കയറിയ നിലയിൽ

1.25 PM: നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധരായ സംഘത്തെ ഹെലികോപ്റ്ററിൽ നിന്നും വയനാട്ടിൽ ഇറക്കി. ഇവർക്കായി ഡിഞ്ചി ബോട്ടും ഇറക്കിയിട്ടുണ്ട്. വയനാട്ടിലേക്കുളള മറ്റ് മൂന്ന് ഡിഞ്ചി ബോട്ട് രക്ഷാ സേനയെ കണ്ണൂരിൽ നിന്നും വയനാട്ടിലേക്ക് റോഡ് മാർഗം അയച്ചിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു. വയനാട്ടിൽ ഒറ്റപ്പെട്ട് കിടക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിന് ഒരു ഹെലികോപ്റ്റർ ആകാശത്ത് വട്ടമിട്ട് പറക്കുന്നുണ്ട്.

നിലമ്പൂരിൽ ശക്തമായ മഴയിൽ ടൗണിൽ വെളളം കയറിയപ്പോൾ

1.20 PM: നെടുമ്പാശേരിയിൽ എത്തേണ്ട ദേശീയ അന്തർദേശീയ വിമാനങ്ങൾ തടസപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ വിമാനങ്ങൾ മറ്റെവിടേക്കെങ്കിലും വഴിതിരിച്ച് വിടുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം നെടുമ്പാശേരിയിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല.

നിലമ്പൂർ ടൗണിൽ വളളത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ

1.00 PM: നെടുമ്പാശേരിയിൽ വിമാനം ഇറങ്ങുന്നതിന് ഉച്ചയ്ക്ക് 2.20 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇടമലയാർ അണക്കെട്ടിന് പുറമെ ചെറുതോണി അണക്കെട്ടും ട്രയൽ റണ്ണിനായി തുറന്ന സാഹചര്യത്തിലാണ് തീരുമാനം. സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം പിന്നീട് ഇക്കാര്യം പുന:പരിശോധിക്കുമെന്ന് സിയാൽ വൃത്തങ്ങൾ വ്യക്തമാക്കി.

കനത്ത മഴയിൽ ശ്രീകണ്ഠാപുരം ടൗണിൽ വെളളം കയറിയപ്പോൾ

12.50 PM: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 1.10 ന് ശേഷം വിമാനങ്ങൾ ഇറങ്ങുന്നത് നിർത്തിവച്ചതായി വിമാനത്താവള വക്താവ് പിഎസ് ജയൻ അറിയിച്ചു.

12.45 PM: കനത്ത മഴയിൽ കബനി നിറ കവിഞ്ഞൊഴുകി. പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിൽ മണ്ണിടിഞ്ഞു. താമരശ്ശേരി, പാൽച്ചുരം റോഡുകൾ തകർന്നു.  ബാണാസുര ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൽപ്പറ്റ മേപ്പാടി റോഡിൽ ഗതാഗത തടസം പുത്തൂർ വയൽ വിനായക യിൽ റോഡിൽ വെള്ളം ഉയർന്നതാണ് ഗതാഗത തടസത്തിന് കാരണം.കോഴിക്കോട് മൈസൂർ പാതയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ബത്തേരിയിൽ നിന്നു കോഴിക്കോടിന് ഒരു സർവീസും ചുരം ബ്ലോക്കായതിനാൽ അയക്കാൻ കഴിഞ്ഞില്ല. നാടുകാണി ചുരം ഇടിഞ്ഞതിനാൽ വഴിക്കടവ് വഴിയുള്ള സർ വ്വിസും നിർത്തിവെച്ചു.

12.35 PM: ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി ചെറുതോണി പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചു. 1992 ന് ശേഷം ഇതാദ്യമായാണ് ചെറുതോണി അണക്കെട്ട് തുറക്കുന്നത്.

idukki dam, cheruthoni

ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറിലൂടെ ജലം താഴേക്ക് വീഴുന്ന ദൃശ്യം, ഷട്ടറിന്റെ മുകളിൽ നിന്നും

ചെറുതോണി പാലത്തിൽ ഗതാഗതം വിലക്കിയ നിലയിൽ. ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് വെളളം പോകുന്ന വഴിയിലാണ് ചെറുതോണി ടൗണിലെ ഈ പാലം

12.30 PM: 26 വർഷത്തിന് ശേഷം ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. 50000 ലിറ്റർ വെളളമാണ് 50 സെന്റിമീറ്റർ ഉയർത്തിയ മൂന്നാമത്തെ ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്നത്.

ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നശേഷം വെളളം പുറത്തേക്ക് വരുന്നു…

12.28 PM: പാലക്കാട്, കഞ്ചിക്കോട് സെക്ഷനിൽ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സേലം, കോയമ്പത്തൂർ, ഈറോഡ് വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ബെംഗളുരൂ, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേയ്ക്ക് പാലക്കാട് വഴിയുളള​ ട്രെയിൻ സർവീസുകളെ ഇത് ബാധിക്കും.
പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ റോഡ് നിറഞ്ഞൊഴുകുന്നു.

ഇന്നലെ രാത്രി മുതൽ തോരാതെ പെയ്യുന്ന മഴയാണ് പാലക്കാട്. പുതുപരിയാരം ഭാഗത്ത് കെട്ടിടങ്ങളുടെ ഉള്ളിൽ വെള്ളം കയറിയ സ്ഥലങ്ങളുമുണ്ട്.

വയനാട്ടിൽ വെളളപ്പൊക്കത്തിൽ അകപ്പെട്ട കാർ

പാലക്കാട് റെയിൽവെ സ്റ്റേഷൻ റോഡിൽ വെളളം കയറിയ നിലയിൽ. ഫൊട്ടോ : പി എസ് അശോക്‌

12.26 PM: സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായുണ്ടായ മഴക്കെടുതിയിൽ 20 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അവസാനിച്ചു. ഇടുക്കിയിൽ 11 പേരും മലപ്പുറത്ത് ആറ് പേരും കോഴിക്കോട് മൂന്ന് പേരും വയനാട്ടിൽ ഒരാളും മരിച്ചതായാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

പാലക്കാട് – കഞ്ചിക്കോട്  റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ നിലയിൽ

 

12.25 PM: കേന്ദ്രസംഘം കേരളത്തിലെത്തിയെന്ന് മുഖ്യമന്ത്രി. അവരുമായി ചർച്ച നടത്തി, ഇപ്പോഴത്തെ പ്രയാസം അടക്കം ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്രസംഘം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പലരും സംഭാവന നൽകുന്നതായി മുഖ്യമന്ത്രി. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി. എല്ലാ വിവരങ്ങളും ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങളുടെ സഹായവും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

palakkad,sankuvarathodu

പാലക്കാട് ചുണ്ണാമ്പ്തറ റെയിൽവേ ഗേറ്റിന് സമീപം സങ്കുവാരത്തോടിൽ നിന്നുളള മഴക്കെടുതിയുടെ ദൃശ്യം . ഫൊട്ടോ പി എസ് അശോക്

പാലക്കാട് സങ്കുവാരത്തോടിൽ നിന്നുളള മറ്റൊരു ദൃശ്യം ഫൊട്ടോ : പി എസ് അശോക്‌

 

12.22 PM: ദുരിതബാധിത മേഖലയിലേക്ക് ദൃശ്യങ്ങൾ പകർത്താനും ആരും പോകരുതെന്ന് മുഖ്യമന്ത്രി. വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണം. വെളളം ഉയരുന്ന ഇടങ്ങളിലേക്ക് വിനോദസഞ്ചാരികൾ പോകരുത്. കർക്കിടക വാവു ബലി ചടങ്ങുകൾക്ക് പങ്കെടുക്കുന്നവർ ഉരുൾപൊട്ടൽ, വെളളപൊക്കം എന്നിവയുടെ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി. അപകടം ഒഴിവാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി. വിവിധ ജില്ലകളുടെ ഏകോപനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി. ദുരിതാശ്വാസത്തിന് പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ വിഭാഗങ്ങൾ രംഗത്തുണ്ട്. എംഎൽഎമാർ സന്നദ്ധ പ്രവർത്തനത്തിന് ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

12.20 PM: സെക്രട്ടേറിയേറ്റിലും എല്ലാ ജില്ലാ ആസ്ഥാനത്തും നിരീക്ഷണ സെൽ തുറക്കും. 24 അണക്കെട്ടുകളാണ് സംസ്ഥാനത്ത് തുറന്നു. സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി. മഴ അടുത്ത രണ്ട് ദിവസം കൂടി തുടരും. ഇടുക്കി അണക്കെട്ട് തുറക്കാനുളള തയ്യാറെടുപ്പുകൾ നടക്കുന്നു. കക്കി അണക്കെട്ട് തുറക്കാനുളള സാഹചര്യമാണ്. അങ്ങിനെ വന്നാൽ കുട്ടനാട് മുങ്ങും. നെഹ്റു ട്രോഫി വളളം കളി മാറ്റിവച്ചു. പുതിയ തീയ്യതി പിന്നീട് അറിയിക്കും. ജനപ്രതിനിധികളെ രക്ഷാപ്രവർത്തനത്തിൽ സജീവ പങ്കാളികളാക്കാൻ ആവശ്യപ്പെട്ടു. അണക്കെട്ട് തുറക്കുന്നത് കാണാൻ ആരും പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

12.15 PM: മുഖ്യമന്ത്രി മഴക്കെടുതിയെ കുറിച്ച് പത്രസമ്മേളനം വിളിച്ചുചേർത്തു. വയനാട്ടിൽ ഒറ്റപ്പെട്ട് പോയവരെ രക്ഷിക്കാൻ നാവികസേന വിമാനവുമായി വരുമെന്ന് മുഖ്യമന്ത്രി. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് കമ്പനി മൂന്ന് ജില്ലകളിൽ നിലയുറപ്പിച്ചു. രണ്ട് സംഘങ്ങൾ വരുന്നുണ്ട്. ആറ് സംഘങ്ങളെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.

12.00 noon: വാളയാറിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

11.58 AM: മഴക്കെടുതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ….

“ശക്തമായ മഴ സംസ്ഥാനത്തെ പല മേഖലകളിലും കനത്ത നാശം വിതക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദ്ദേശിച്ചു. വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സേവനം തേടി. ഇടുക്കി, വയനാട്, കോഴിക്കോട് , മലപ്പുറം ജില്ലകളിലേക്കാണ് സേനയെ കൂടെ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചത്. ദേശീയ ദുരന്തനിവാരണ സമിതിയുടെ മൂന്നു സംഘങ്ങളെ കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിയോഗിച്ചിട്ടുണ്ട്. രണ്ടു ബറ്റാലിയൻ കൂടി കോഴിക്കോട് ,വയനാട് ജില്ലകളിൽ എത്തും.പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. അവരുടെ എല്ലാ ശേഷിയും വിനിയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജനങ്ങളെ സുരക്ഷിതരായി സംരക്ഷിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. അതിന് സാധ്യമായതെല്ലാം ചെയ്യും. ആവശ്യമായ ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. മഴ കനത്തത്തോടെ പല ഡാമുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. പുഴകളുടെ സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകും. ഇത്തരം മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.”

11.50  AM: സംസ്ഥാനത്ത് മഴക്കെടുതി മൂലമുണ്ടായ ദുരിതത്തിൽ നിന്ന് ജനങ്ങളെ സുരക്ഷിത മേഖലയിലേക്ക് എത്തിക്കാൻ സംസ്ഥാന സർക്കാർ നാവികസേനയുടെ സഹായം തേടി. മുങ്ങൽ വിദഗ്ദ്ധരുടെ സംഘത്തെ വയനാട്ടിലേക്ക് അയച്ചതായി നാവികസേന അറിയിച്ചു. വെളളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഡോർണിയർ വിമാനങ്ങൾ സഹായത്തിനെത്തുമെന്നും നാവികസേന വക്താവ് മേജർ ശ്രീധർ വാര്യർ അറിയിച്ചു.

11.45 AM: വയനാട് ജില്ലയിലെ ചിത്രമൂലയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാല് പേർ ഒഴുക്കിൽപെട്ടു. ഇവർക്കായി തിരച്ചിൽ നടത്തുന്നു. ഒഴുക്കിൽപെട്ടവർക്ക് നീന്തലറിയാമെന്ന് നാട്ടുകാർ പറഞ്ഞു. ഇവർ നീന്തി കരകയറുമെന്ന പ്രതീക്ഷ ഇവർ പങ്കുവച്ചു.

Image may contain: text

11.30 AM: ഇടുക്കി അണക്കെട്ടിന്റെ ട്രയൽ റൺ നടത്തുന്ന സാഹചര്യത്തിൽ ജനങ്ങളോട് പരിഭ്രാന്തരാകരുതെന്ന് സർക്കാർ. വളരെ സൂക്ഷ്മതയോടെയാണ് സർക്കാർ ഇത് കൈകാര്യം ചെയ്യുന്നതെന്നും സഹായത്തിനായി വിവിധ ജില്ലകളിൽ ഹെൽപ്‌ലൈൻ തുറന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

No automatic alt text available.

11.20 AM: ജലനിരപ്പ് ഉയരുന്നതിന്റെ വേഗത വർദ്ധിക്കുകയും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക് എത്താറായ സാഹചര്യവും പരിഗണിച്ച് ഇന്ന് 12.30 ന് ശേഷം ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി

11.00 AM: സെക്കന്റിൽ 50000 ലിറ്റർ വെളളമാണ് ചെറുതോണിയിൽ നിന്ന് പുറത്തേക്ക് ഒഴുക്കി വിടുക. ഇതേ തുടർന്ന് വെളളം ഒഴുകാനിടയുളള പുഴയുടെ ഇരുകരകളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

10.40 AM: ചെറുതോണിയിലെ ഒരു ഷട്ടറാണ് ഇടുക്കി അണക്കെട്ടിന്റെ ട്രയൽ റണ്ണിനായി തുറക്കുക. അഞ്ച് ഷട്ടറുകളിൽ മധ്യത്തിലുളള മൂന്നാമത്തെ ഷട്ടറാണ് തുറക്കുക. ഇത് 50 സെന്റിമീറ്റർ ഉയർത്തി നാല് മണിക്കൂറോളം ട്രയൽ റൺ നടത്തും.

10.30 AM: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ചെറുതോണിയിലേക്ക് പുറപ്പെട്ടു.

Image may contain: text

10.00 AM: ഇന്ന് ചേർന്ന ഉന്നത അധികൃതരുടെ യോഗത്തിലാണ് ഇടുക്കി അണക്കെട്ട് തുറക്കാൻ തീരുമാനിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തി വേഗത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അതത് വകുപ്പുദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

No automatic alt text available.

8.50 AM: മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത അധികൃതരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്യും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതാണ് അടിയന്തിര ചർച്ച വിളിച്ചുചേർക്കാനുളള തീരുമാനത്തിന് പിന്നിൽ. ഇടുക്കിയിലെ ജലനിരപ്പ് 2398.2 അടിയായി ഉയർന്നു.

Image may contain: text

8.45 AM: സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യു മന്ത്രി യോഗം വിളിച്ചുചേർത്തു. റവന്യു ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തുമെന്നാണ് വിവരം.

പാലക്കാട് കൽപ്പാത്തി പുഴയിലെ ജലത്തിന്റെ കുത്തൊഴുക്ക് വീഡിയോ

8.30 AM: സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താനുളള കേന്ദ്രസംഘം ഇന്നാണ് കേരളത്തിൽ എത്തുന്നത്. അതേസമയം ഇടമലയാർ അണക്കെട്ടിൽ നിന്നുളള വെളളം ഭൂതത്താൻകെട്ട് ഡാമിൽ എത്തി. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഉയരുകയും ഒഴുക്കിന്റെ വേഗത വർദ്ധിക്കുകയും ചെയ്തു.

ഇടുക്കി ജില്ലയിൽ കനത്ത മഴ സൃഷ്ടിച്ച ആഘാതത്തിന്റെ കാഴ്ച

8.10 AM: കോഴിക്കോട് ജില്ലയിലെ വട്ടിക്കുന്ന് പ്രദേശത്ത് ഉരുൾപൊട്ടൽ കാണാനെത്തിയ മൂന്നംഗ സംഘത്തിലെ റിജിത്ത് എന്നയാളെ കാണാതായി. ഇന്നലെ രാത്രി ഇവർ വെളളത്തിന്റെ ഒഴുക്ക് കാണാനെത്തിയതായിരുന്നു. റിജിത്തിന്റെ രണ്ട് സുഹൃത്തുക്കൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ റിജിത്തും , കാറും പുഴയിലെ ഒഴുക്കിൽപെട്ടു.

ഇടുക്കി ജില്ലയിൽ കനത്ത മഴ സൃഷ്ടിച്ച ആഘാതത്തിന്റെ കാഴ്ച

8.00 AM: മലപ്പുറത്ത് നിലമ്പൂരിൽ ആദിവാസി കുടുംബമാണ് അപകടത്തിൽ പെട്ടത്.സുബ്രഹ്മണ്യൻ, അമ്മ കുഞ്ഞി, ഭാര്യ ഗീത, രണ്ട് മക്കൾ എന്നിവരാണ് അപകടത്തിൽ പെട്ടത്. സുബ്രഹ്മണ്യന്റെ മൃതദേഹം ലഭിച്ചിട്ടില്ല. തിരച്ചിൽ നടക്കുന്നുണ്ട്.

മണ്ണിടിച്ചിലിന് ശേഷം വയനാട് ചുറം റോഡിലെ ഇപ്പോഴത്തെ കാഴ്ച

7.50 AM: മലമ്പുഴ അണക്കെട്ടിൽ നിന്നുളള വെളളം ഒഴുകിയെത്തിയതിനെ തുടർന്ന് പാലക്കാട് നഗരത്തിന്റെ ചില ഭാഗങ്ങൾ വെളളത്തിനടിയിലായി.

വയനാട് ചുരത്തിൽ അപകടത്തിൽ പെട്ട വാഹനം

7.45 AM: മലപ്പുറത്ത് നിലമ്പൂരിൽ ഉരുൾപൊട്ടലിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ആറ് പേരെ കാണാതായി. ഇടുക്കി ജില്ലയിലെ അടിമാലിയിലും വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ അഞ്ച് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

വയനാട് ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടപ്പോൾ

7.30 AM: ഉരുൾപൊട്ടലിൽ വയനാട് ജില്ല ഒറ്റപ്പെട്ടു. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന മൂന്ന് ചുരങ്ങളിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.

7.00 AM: ഇന്നലെ രാത്രി നടന്ന ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. അഞ്ച് ജില്ലകളിലാണ് ഉരുൾപൊട്ടിയത്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഉരുൾപൊട്ടലുണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.