തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം. പ്രളയ സാഹചര്യം അവലോകനം ചെയ്യാൻ രൂക്ഷമായ മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് പിണറായി വിജയൻ ഈ ആവശ്യം ഉന്നയിച്ചത്.

കേരളത്തിലുണ്ടായ മഴക്കെടുതിയും രക്ഷാപ്രവർത്തനവും പുനരധിവാസവും മുഖ്യമന്ത്രി വിശദീകരിച്ചു. വിശദമായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും, ആരോഗ്യ മന്ത്രി കെകെ ശൈലജയും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും യോഗത്തിൽ പങ്കെടുത്തു.

Also Read: Kerala Rains Floods Weather Live Updates: ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഓഗസ്റ്റ് ആദ്യ വാരം തന്നെ കേരളത്തിൽ മഴ ശക്തിപ്രാപിച്ചിരുന്നു. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിനൊപ്പം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ആഘാതവും സംസ്ഥാനത്ത് പ്രതിഫലിക്കുകയായിരുന്നു. മധ്യ കേരളത്തിൽ ദിവസങ്ങളോളം തുടർന്ന മഴയിൽ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായത്. മൂന്നാർ രാജമലയിലുണ്ടായ മണ്ണിടിച്ചിലിൽ 49 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

കോട്ടയം, എറണാകുളം ജില്ലകളിൽ വലിയ വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. അണക്കെട്ടുകളിലും നദികളിലും ജലനിരപ്പ് ഉയർന്നതോടെ പാല ഉൾപ്പടെയുള്ള പ്രദേശങ്ങളും വെള്ളത്തിലായി. കല്ലാർക്കുട്ടി, മലങ്കര, പമ്പാ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.