Kerala Rains: തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയായി. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് എത്തിയതോടെ കൂടുതൽ വെളളം ഒഴുക്കി വിടുകയാണ്. അണക്കെട്ടിലെ 13 സ്പിൽവേ ഷട്ടറുകളും തുറന്നിട്ടുണ്ട്.

വളളക്കടവ്, ചപ്പാത്ത് അടക്കം വെളളത്തിലായി. നൂറിലേറെ വീടുകളും വെളളത്തിനടിയിലായി. കൂടുതൽ വെളളം കൊണ്ടുപോകണമെന്ന് കേരളം ആവശ്യപ്പെട്ടുവെങ്കിലും തമിഴ്നാട് ആദ്യം അതിനു തയ്യാറായിരുന്നില്ല. എന്നാലിപ്പോൾ മുൻപത്തേതിനെക്കാളും കൂടുതൽ വെളളം കൊണ്ടുപോകുന്നുണ്ട്. നേരത്തെ സുപ്രീം കോടതി അനുവദിച്ച പരിധിയായ 142 അടി ആകുന്നതുവരെ കാത്തുനിന്നശേഷമാണ് തമിഴ്നാട് വെളളം കൊണ്ടുപോയത്. 142 അടിക്ക് മുകളിൽ ജലനിരപ്പ് ഉയർന്നാൽ കൂടുതൽ വെളളം കൊണ്ടുപോകാമെന്നായിരുന്നു തമിഴ്നാടിന്റെ നിലപാട്.

അതേസമയം, മുല്ലപ്പെരിയാറിൽനിന്നും ഇനിയും കൂടുതൽജലം ഒഴുക്കി ജലനിരപ്പ് 139 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ഇ-മെയിൽ സന്ദേശം അയച്ചു. തമിഴ്നാട് എൻജിനീയർമാർ കേരളത്തോട് സഹകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കത്തിൽ പരാതി പറഞ്ഞിട്ടുണ്ട്.

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ഇപ്പോഴും തുടരുന്നുണ്ട്. അതിനാൽ തന്നെ ജലനിരപ്പ് ഇനിയും ഉയർന്നേക്കും. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നത് ഇടുക്കി അണക്കെട്ടിനെയും ബാധിക്കും. മുല്ലപ്പെരിയാറിൽനിന്നും പുറത്തേക്കൊഴുക്കുന്ന വെളളം പെരിയാറിലൂടെ ഒഴുകി വള്ളക്കടവ്, വണ്ടിപ്പെരിയാർ, ശാന്തിപ്പാലം, ചപ്പാത്ത്, ആലടി, ഉപ്പുതറ, അയ്യപ്പൻകോവിൽ മേഖലകളിലൂടെ ഒഴുകി ഇടുക്കി ഡാമിലാണ് എത്തുക. ചെറുതോണി അണക്കെട്ടിലെ ഷട്ടറുകളിലൂടെ ലോവർ പെരിയാർ, ഭൂതത്താൻകെട്ട്, ഇടമലയാർ അണക്കെട്ടിലെത്തും. ഇടമലയാറിന്റെ ഷട്ടറുകളിലൂടെ കടന്ന് കാലടി, ആലുവ വഴി അറബിക്കടലിൽ പതിക്കും.

ഇടുക്കി ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. ഇടുക്കി ചെറുതോണി അണക്കെട്ടിൽ നിന്നും പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് ഉച്ചക്ക് മൂന്നു മണി മുതൽ 1300 ക്യുമെക്സ് ആയും നാലു മണി മുതൽ 1400 ക്യുമെക്സ് ആയും അഞ്ചു മണി മുതൽ 1500 ക്യുമെക്സ് ആയും ഉയർത്തുന്നതാണെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്നും കലക്ടർ അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴ മൂലം നീരൊഴുക്ക് വർദ്ധിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ രാത്രിയിൽ തുറന്നിരുന്നു. രാത്രി 2.45ഓടെയാണ് സ്പിൽവേ തുറന്നത്. ജലനിരപ്പ് 140 അടിയായതോടെയാണ് അണക്കെട്ടിലെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.