തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രളയക്കെടുതിയിലൂടെ കടന്നുപോകുമ്പോൾ രക്ഷാപ്രവർത്തനത്തിന് ചുമതല നൽകേണ്ട വനം മന്ത്രി കെ.രാജു ജർമ്മനിയിലാണ്. പ്രളയക്കെടുതിക്കിടെ മന്ത്രി വിദേശത്തേക്ക് പോയത് വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെ വിദേശ യാത്രയ്ക്ക് പോയ മന്ത്രി രാജുവിനെ തിരിച്ചു വിളിപ്പിച്ചു. സിപിഐ നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് മന്ത്രി രാജു തിരിച്ചു വരുന്നത്.

ഒരു സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രി രാജു ഇന്നലെ ജർമ്മനിയിലേക്ക് പോയത്. കോട്ടയം ജില്ലയിലെ രക്ഷാപ്രവർത്തനത്തിന്റെ ചുമതല ഉണ്ടായിരിക്കെയാണ് മന്ത്രി വിദേശത്തേക്ക് വിമാനം കയറിയത്. കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കെയാണ് മന്ത്രി വിദേശത്ത് സമ്മേളനത്തിൽ പങ്കെടുക്കാനായി പോയത്.

ഓഗസ്റ്റ് 17 മുതൽ 19 വരെയുളള സമ്മേളനത്തിൽ പങ്കെടുക്കാൻ കൃഷിമന്ത്രി വി.എസ്.സുനിൽ കുമാറിനും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ മന്ത്രി ക്ഷണം ഒഴിവാക്കി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മന്ത്രിമാരായ കെ.രാജുവിനും സുനിൽ കുമാറിനും പുറമേ എംപിമാരായ ശശി തരൂർ, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ എംഎൽഎ എന്നിവർക്കും ക്ഷണം ഉണ്ടായിരുന്നു. ഇതിൽ രാജുവും ഇ.ടി.മുഹമ്മദ് ബഷീറും മാത്രമാണ് സമ്മേളനത്തിൽ പങ്കെടുക്കാനായി പോയത്.

ചികിൽസയ്ക്കായി 19 ന് യുഎസ്സിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും യാത്ര മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ വനം മന്ത്രി രാജു വിദേശത്തേക്ക് പോയത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സിപിഐ നേതൃത്വം മന്ത്രിയോട് തിരികെ വരാൻ ആവശ്യപ്പെട്ടത്. മന്ത്രിയിൽനിന്നും വിശദീകരണം തേടാൻ സിപിഐ ആലോചിക്കുന്നതായും സൂചനയുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ