ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കൊല്ലം,തിരുവനന്തപുരം എന്നീ ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. മലബാര്‍ മേഖലയിലും ഇടുക്കിയിലുമാണ് മഴ കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്.

മൂന്നാറിനു സമീപം ചിന്നക്കനാല്‍ വില്ലേജില്‍ ചാന്‍സലര്‍ റിസോര്‍ട്ടിന് പുറകുവശം ഏല തോട്ടത്തില്‍ ഫാമിന് മുകളില്‍ മണ്ണിടിഞ്ഞ് 3 പേര്‍ക്ക് പരുക്ക് . ഒന്നര വയസുള്ള മഞ്ചുശ്രീ എന്ന കുട്ടി മരിച്ചു. കുമാര്‍-മഞ്ജു ദമ്പതികളുടെ മകളാണ്. മാതാപിതാക്കള്‍ മാസ് എസ്റ്റേറ്റ് ജീവനക്കാരാണ്. ഇടുക്കിയിൽ പലയിടത്തും ഉരുൾപ്പൊട്ടലുണ്ടായി. ഏലപ്പാറ, കട്ടപ്പന എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്.

വയനാട്ടില്‍ മഴ ഏറെ ദുരിതം വിതച്ചിരിക്കുകയാണ്. വ്യാപകമായി മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 204.3 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്.  ബത്തേരി താലൂക്കിലാണ് മഴ ഏറ്റവും കുറവ് 112 മില്ലിമീറ്റർ മാത്രം മഴ ബത്തേരിയിൽ പെയ്തപ്പോൾ വൈത്തിരിയിൽ 256 മില്ലിമീറ്ററും മാനന്തവാടിയിൽ 245 മില്ലിമീറ്ററും മഴ ലഭിച്ചു.

Read Also: Kerala Rain Today Live: ശക്തമായ മഴ: പെരിയാറിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു

16 വീടുകൾ ഭാഗികമായി തകർന്നു. ബാണാസുര സാഗർ ഡാമിൽ  768.60 മീറ്ററും കാരാപ്പുഴ ഡാമിൽ 758.20 മീറ്ററും ആണ് വ്യാഴാഴ്ച ഉച്ചവരെ ജലനിരപ്പ്. വയനാട്ടിൽ വിവിധ ഇടങ്ങളിലായി  73 ക്യാമ്പുകൾ തുറന്നു. 1347 കുടുംബങ്ങളിലെ 4976 പേരാണ് 73 ക്യാമ്പുകളിലായി ഉള്ളത്.

മലപ്പുറത്തും കോഴിക്കോടും മഴ ശക്തി പ്രാപിച്ചിരിക്കുകയാണ്. മലപ്പുറം നിലമ്പൂരിൽ വെള്ളപ്പൊക്കമുണ്ടായി. നിലമ്പൂർ പൂർണമായും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. പലയിടത്തും വെള്ളക്കെട്ട് അതിരൂക്ഷമാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റുണ്ടാകും. 3.5 മീറ്റര്‍വരെയുള്ള തിരമാലകള്‍ക്കും ശക്തമായ കടലാക്രമണത്തിനും ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. ചെങ്കുത്തായ മലമ്പ്രദേശങ്ങളിലുള്ളവര്‍ മണ്ണിടിച്ചിലിനെതിരെ ജാഗ്രതപാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Read Also: ജാഗ്രത! അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ആരും വെള്ളക്കെട്ടിൽ ഇറങ്ങരുത്. പ്രത്യേകിച്ച് കുട്ടികളെ ശ്രദ്ധിക്കണം. ചില ജില്ലകളിൽ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കുട്ടികൾ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കാൻ രക്ഷിതാക്കൾ അതീവജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. നദികളിൽ ഇറങ്ങുകയോ നദികൾ മുറിച്ചു കടക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം. മഴ ശക്തമായ ഇടങ്ങളിൽ തത്ക്കാലം വിനോദ സഞ്ചാര യാത്രകൾ ഒഴിവാക്കണം. രാത്രികാലങ്ങളിൽ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം എന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.