scorecardresearch
Latest News

ബ്രഹ്‌മപുരി വനത്തിൽ ഉരുൾപൊട്ടി; ബാരാപ്പുഴയിൽ വെള്ളം ഉയരുന്നു

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നാല് യൂണിറ്റ് സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. രണ്ട് യൂണിറ്റ് കൂടി ഇന്നെത്തും

ബ്രഹ്‌മപുരി വനത്തിൽ ഉരുൾപൊട്ടി; ബാരാപ്പുഴയിൽ വെള്ളം ഉയരുന്നു

കണ്ണൂർ: വടക്കൻ കേരളത്തിൽ അതിശക്തമായ മഴയും കാറ്റും. ബ്രഹ്മഗിരി വനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് കണ്ണൂർ ബാരാപ്പുഴയിൽ വെള്ളം പൊങ്ങുന്നു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

രണ്ടു ദിവസമായുള്ള കനത്ത മഴയെ തുടർന്ന് നിലമ്പൂർ പ്രളയഭീഷണിയിലാണ്. വയനാട് ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ്. അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ഉരുൾപൊട്ടലുണ്ടായ കവളപ്പാറ പ്രദേശത്ത് നിന്നടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. ദുരന്ത സാധ്യത മുന്നില്‍ കണ്ട് നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.

കനത്ത മഴയില്‍ മുണ്ടേരിയിലെ താൽക്കാലിക പാലം ഒലിച്ചുപോയി. പാലം പോയതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ടു.

കണ്ണൂരിൽ ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളിൽ വ്യാപക നാശനഷ്‌ടം. കൂട്ടുപുഴ തോട്ടുപാലം റോഡിലും വെള്ളം കയറി. ദുരന്തനിവാരണ സേന പാലക്കാട്ടേക്കും നിലമ്പൂരിലേക്കും എത്തിയിട്ടുണ്ട്.

കോഴിക്കോടിന്റെ കിഴക്കൻ മലയോരത്തു കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പുഴകളിൽ ജലനിരപ്പ് ഉയർന്നു. മഴ ഇനിയും കനത്താൽ ഉരുൾപ്പൊട്ടലുണ്ടാകുമെന്ന ഭീതിയിലാണ് മലയോരം.

ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ മുക്കം, തിരുവമ്പാടി, കാരശേരി ഭാഗത്തെ തീരത്തുള്ളവർക്ക്  ജാഗ്രതാ നിർദേശം നൽകി. നിരവധി റോഡുകളിൽ ഗതാഗത തടസമുണ്ടായി. മുക്കം-ചേന്ദമംഗല്ലൂർ റോഡിൽ കടകളിൽ വെള്ളം കയറി. നേരത്തെ സൂചന കിട്ടിയതിനാൽ കടകളിലെ സാധനങ്ങൾ മാറ്റിയിരുന്നു.

കൊടിയത്തൂർ-കോട്ടമ്മൽ-കാരാട്ട് റോഡിലും ചെറുവാടിയിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. മലയോരത്തെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ വീണ്  വൈദ്യുതി തടസ്സം ഉണ്ട്. കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. താമരശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളിലെ മലവെള്ളപ്പാച്ചിൽ കോടഞ്ചേരി, ചെമ്പുകടവ് പാലങ്ങൾ മുങ്ങി.

Read Also: Kerala Weather: സംസ്ഥാനത്ത് കാറ്റോടു കൂടിയ മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട്

എറണാകുളം ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ഉയരുന്നു. കാളിയാർ, തൊടുപുഴയാർ, കോതമംഗലം പുഴ എന്നീ നദികളിലാണ് ജലനിരപ്പ് ഉയരുന്നത്. പ്രളയ മുന്നറിയിപ്പ് നൽകുന്നതിനുള്ള ജലനിരപ്പിന് അടുത്തെത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നാല് യൂണിറ്റ് സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. രണ്ട് യൂണിറ്റ് കൂടി ഇന്നെത്തും. ഇവരെ വിവിധ ജില്ലകളിലായി വിന്യസിക്കും.

കേരള തീരത്ത് കാറ്റിന്റെ വേഗം 40 മുതല്‍ 50 കിലോമീറ്റർ വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ഓഗസ്റ്റ് നാലിന് ബംഗാൾ ഉൾക്കടലിന്റെ വടക്കുഭാഗത്തായി രൂപംകൊണ്ട് ന്യൂനമർദം മധ്യ ഇന്ത്യയിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദം ദുർബലമാകും. ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് ഒൻപതോടെ രണ്ടാം ന്യൂനമർദത്തിനു സാധ്യത പ്രവചിച്ചിട്ടുണ്ട്. ഓഗസ്റ്റ് പത്ത് വരെ കേരളത്തിൽ മഴ തുടരും. ഓഗസ്റ്റ് എട്ട് മുതൽ പത്ത് വരെ ശക്തമായ മഴയ്ക്ക് സാധ്യത.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Heavy rain kannur wayanad kozhikkode malappuram