തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കേരളത്തിൽ തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ മാത്രമായിരുന്നു നേരത്തെ യെല്ലോ അലേർട്ട് ഉണ്ടായിരുന്നത്. എന്നാൽ മഴ ശക്തമായതോടെ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലും അലേർട്ട് പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.

കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഞായറാഴ്ച രാത്രി ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. കോട്ടയം ജില്ലയിൽ വ്യാപകനാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോട്ടയം വൈക്കത്ത് കനത്ത മഴയിൽ വ്യാപകനാശമുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകി വീണു.

Read More: ഉംപുൻ അതിതീവ്ര ചുഴലിക്കൊടുങ്കാറ്റാകും; 185 കി.മീ വരെ വേഗത, കേരളത്തില്‍ ഇന്നും മഴ

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ നാല് ജില്ലകളിൽ കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ലക്ഷദ്വീപിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിൻവലിച്ചു.

ഒന്നോ രണ്ടോ ഇടങ്ങളിൽ ഇന്ന് ഇടിമിന്നലിനും സാധ്യതയുണ്ട്. 40 മുതൽ 50 കിലോമീറ്റർ വരെ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

ഉംപുൻ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്നും അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് അതിതീവ്ര ചുഴലിക്കൊടുങ്കാറ്റാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒഡീഷയിലെ പാരാദ്വീപിന് 790 കിലോമീറ്റർ തെക്കും പശ്ചിമ ബംഗാളിന്‍റെ ദിഖയുടെ 940 കിലോമീറ്റർ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോൾ ചുഴലിക്കാറ്റുള്ളത്. ഉത്തര ഒഡീഷയിലും ബംഗാളിലെ 24 പർഗാനാസ്, കൊൽക്കത്ത ജില്ലകൾ ഉൾപ്പെടെയുള്ള തീരദേശ മേഖലകളിലും നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.