തിരുവന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദ്ദം, ആന്ധ്ര തീരം വഴി കരയിൽ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും വ്യാപക മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് പതിനൊന്നു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പത്തുവരെ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ പതിനൊന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 45 മുതൽ 55 കിലോ മീറ്റർ വരെ വേഗത്തൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. അരുവിക്കര ഡാമിൻ്റെ മൂന്നാമത്തെ ഷട്ടർ നിലവിൽ 50 സെന്റീ മീറ്റർ ഉയർത്തിയിട്ടുണ്ട്‌. രാവിലെ 9:15 ന് നാലാമത്തെ ഷട്ടർ കൂടി 50
സെന്റീ മീറ്റർ ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ഒക്ടോബർ 17 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒക്ടോബർ 15 വരെ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും 16ന് ഇടിമിന്നൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 7 മുതൽ 11സെന്റിമീറ്റർ മഴയാണ് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.