scorecardresearch
Latest News

സംസ്ഥാനത്ത് രാത്രിയും മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്

സംസ്ഥാനത്ത് രാത്രിയും മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്.

ആലപ്പുഴ ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങൾ വീണാണ് വീടുകൾ നശിച്ചത്. ചെങ്ങന്നൂര്‍ താലൂക്കിൽ നാലും, കാര്‍ത്തികപ്പള്ളി താലൂക്കിൽ രണ്ടും, മാവേലിക്കര താലൂക്കിൽ എട്ടും, കുട്ടനാട് താലൂക്കിൽ മൂന്നു വീടുകളാണ് തകർന്നത്. ജില്ലയിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ 20 അംഗ എൻഡിആർഎഫ് ടീം ഇന്ന് വൈകിട്ടോടുകൂടി എത്തിച്ചേരും. ജില്ലയിലെ നിലവിലെ സ്ഥിതി ജില്ലാ ഭരണകൂടം വിലയിരുത്തുന്നുണ്ട്.

കേരള തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5 മുതൽ 9 വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5, 6 തീയതികളിലും കർണാടക തീരങ്ങളിൽ നിന്നും സെപ്റ്റംബർ 7, 9 എന്നീ തീയതികളിലും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 06-09-2022: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 06-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട്.
  • 07-09-2022 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
  • 08-09-2022 : കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 06-09-2022: കണ്ണൂർ, കാസര്‍ഗോഡ്.
  • 08-09-2022: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്.
  • 09-09-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ്.
  • 10-09-2022: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ യെല്ലോ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Heavy rain in kerala red alet in 4 districts