Kerala Weather Live Updates: തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മലബാര്‍ മേഖലയിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചിരിക്കുന്നത്. ഇടുക്കിയില്‍ ശക്തമായ മഴയ്ക്കൊപ്പം ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം നാലായി. ഇടുക്കിയില്‍ മണ്ണിടിച്ചിലില്‍ ഒന്നര വയസുകാരി മരിച്ചു. മഞ്ചുശ്രീയാണ് എന്ന കുട്ടി മരിച്ചു. കുമാര്‍-മഞ്ജു ദമ്പതികളുടെ മകളാണ്. മാതാപിതാക്കള്‍ മാസ് എസ്റ്റേറ്റ് ജീവനക്കാരാണ്. ഇടുക്കിയിൽ പലയിടത്തും ഉരുൾപ്പൊട്ടലുണ്ടായി. ഏലപ്പാറ, കട്ടപ്പന എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്.
കനത്ത മഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചു. രാത്രി 12 വരെ നെടുമ്പാശേരിയിൽ സർവീസ് ഉണ്ടായിരിക്കില്ല. കനത്ത മഴയെ തുടർന്നാണ് സർവീസുകൾ നിർത്തിവച്ചിരിക്കുന്നത്. സർവീസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് 12 മണിയ്ക്ക് ശേഷം തീരുമാനിക്കും. സ്ഥിതി ഗതികൾ അധികൃതർ വിലയിരുത്തുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളം അടിയന്തര സഹായത്തിനായുള്ള നമ്പർ: 0484 3053500
നാളെ (വെള്ളിയാഴ്ച) നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം,തൃശൂര്‍,പാലക്കാട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്.
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കൻ കേരളത്തിൽ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. സംസ്ഥാനത്ത് വ്യാപകമായി ഉരുൾ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. എറണാകുളം ജില്ലയിൽ ജില്ലാ ഭരണകൂടം ക്യാമ്പുകളും കൺട്രോൾ റൂമുകളും തുറന്നു.
അങ്കമാലി – മാഞ്ഞാലി തോട് കവിഞ്ഞ് പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞു. നെടുമ്പാശ്ശേരി, പാറക്കടവ് പഞ്ചായത്തുകളിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ചില വീടുകളിലും വെള്ളം കയറി. വില്ലേജ് ഓഫീസർമാർ സ്ഥലങ്ങൾ സന്ദർശിക്കുകയാണ്. അത്യാവശ്യമെങ്കിൽ മാറ്റി താമസിപ്പിക്കേണ്ട വരെ മാറ്റും.
മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് പേർ മരിച്ചു. പാലക്കാട് അട്ടപ്പാടിയിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ചുണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തുവാണ് മരിച്ചത്.
കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നാളെ (9/8/19, വെള്ളിയാഴ്ച) നടത്താനിരുന്ന ഐ ടി ഐ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കാലവർഷ കെടുതിയെ തുടർന്നാണ് മാറ്റം.
ശക്തമായ മഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചു. 12 മണി വരെ സർവീസുകൾ ഉണ്ടായിരിക്കില്ല. 12 മണിക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി ആയിരിക്കും സർവീസ് പുനരാരംഭിക്കുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഓഫീസിലെത്തി മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.
ശക്തമായ മഴയെത്തുടർന്ന് കാസർകോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ഓഗസ്റ്റ് 9 ) ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സൈന്യത്തിന്റെ സഹായം തേടി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൈന്യത്തെ ആവശ്യപ്പെട്ടത്. മിലിട്ടറി എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സിന്റെ സംഘത്തെ അയക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
മൂന്നാറിലേക്ക് വരുന്ന വിനോദസഞ്ചാരികളെ മടക്കി അയച്ചു കൊണ്ടിരിക്കുന്നു. നേര്യമംഗലത്തു നിന്ന് തന്നെ തിരിച്ചയയ്ക്കുകയാണെന്ന് ദേവികുളം സബ് കളക്ടർ രേണു രാജ് അറിയിച്ചു.
അണക്കെട്ടുകളുടെ നില സദാ നിരീക്ഷിച്ചുവരികയാണ്. തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, എന്‍.ഡി.ആര്.എഫ് എന്നിങ്ങനെ വിവിധ സേനകളുടെ പ്രതിനിധികള്‍ സെന്ററിൽ തയ്യാറാണ്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
സംസ്ഥാനത്തൊട്ടാകെ 122 ദുരിതാശ്വാസ ക്യാംപുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്. 2337 കുടുംബങ്ങളിലായി 8110 പേര് ക്യാംപുകളിലുണ്ട്. ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ വയനാട് ജില്ലയിലാണ്. 71 ക്യാംപുകളിലായി 5999 പേര് വയനാട് മാത്രം ദുരിതാശ്വാസ ക്യാംപുകളിലുണ്ട്.
ഇന്നു രാത്രിയും കനത്ത മഴ തുടരുകയാണെങ്കിൽ, നാളെ (9/8/2019) രാവിലെ 7 മണിക്ക് മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 20 cm വീതം ഉയർത്തി 35 ക്യുമെക്സ് വെള്ളം തുറന്നു വിട്ടേക്കും.റിസർവോയർ ലവൽ 192.60 ( FRL) ന് മുകളിൽ പോകാതെ നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ ആങ്ങമുഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ 60 cm വരെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന ജലം 4 മണിക്കൂർ കൊണ്ട് ആങ്ങമൂഴിയിൽ എത്തും. കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. രാത്രി 12 മണി മുതല്‍ രാവിലെ 6 മണി വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ ഭാരം കയറ്റിയ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. മണ്ണിടിച്ചിലിനും മരം കടപുഴകി വീഴാനും സാധ്യതയുള്ളതിനാലാണ് ജില്ലാ കലക്ടര്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കനത്ത പേമാരി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.
പമ്പയിലും അച്ചൻകോവിലിലും ജലനിരപ്പുയരുന്നു. ക്യാമ്പുകൾ സജ്ജമാക്കാൻ നിർദ്ദേശം. പള്ളിയോടങ്ങൾക്കും ജാഗ്രതാ നിർദ്ദേശം.
കനത്ത മഴയെത്തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 9.8.2019 ന് അവധി പ്രഖ്യാപിച്ചു. അംഗൻ വാടികൾക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുള്ളതിനാൽ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ജില്ലാ കലക്റ്ററുടെ അനുമതി ഇല്ലാതെ ജില്ല വിട്ട് പോകാൻ പാടുള്ളതല്ല. ആഗസ്റ്റ് 10, 11 തിയ്യതികളിലും ഉദ്യോഗസ്ഥർ ജില്ലയിൽ ഉണ്ടായിരിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന തിനാലും നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) #നാളെ (09.08.2019 തീയതി#വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.
കബനിയില്‍ ജലനിരപ്പ് ഉയർന്നതിനാൽ ബീച്ചനഹള്ളി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി.70000 ക്യുബിക് ഫീറ്റ് / സെക്കന്റ് ഉണ്ടായിരുന്ന ഔട്ട് ഫ്ലോ 80000 ആക്കിയാണ് ഉയര്‍ത്തിയത്
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. പരീക്ഷകൾക്ക് മാറ്റമില്ല
ശക്തമായ മഴ തുടരുന്നതിനാലും റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 9) അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.
കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( 9 - 8 - 2019) അവധിയായിരിക്കും.
കനത്ത മഴയെ തുടർന്ന് നാളെ (വെള്ളിയാഴ്ച) നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവച്ചു. 30-ാം തീയതിയിലേക്കാണ് പരീക്ഷകൾ മാറ്റിയിരിക്കുന്നത്.
തൃശൂർ ജില്ലയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു.
നാളെ (വെള്ളിയാഴ്ച) നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം,തൃശൂര്‍,പാലക്കാട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്.
തൃശൂർ ജില്ലയിലും മഴ കനത്തു. കോൾ പാടങ്ങൾ നിറഞ്ഞുകവിഞ്ഞു. പലയിടത്തും വെള്ളക്കെട്ട് അതിരൂക്ഷമാണ്.
മൂന്നാറിനു സമീപം ചിന്നക്കനാല്‍ വില്ലേജില്‍ ചാന്‍സലര്‍ റിസോര്‍ട്ടിന് പുറകുവശം എല തോട്ടത്തില്‍ ഫാമിന് മുകളില്‍ മണ്ണിടിഞ്ഞ് 3 പേര്‍ക്ക് പരുക്ക് . ഒന്നര വയസ്സുള്ള മഞ്ചുശ്രീ എന്ന കുട്ടി മരിച്ചു.കുമാര്‍-മഞ്ജു ദമ്പതികളുടെ മകളാണ്. മാതാപിതാക്കള്‍ മാസ് എസ്റ്റേറ്റ് ജീവനക്കാരാണ്
ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറക്കേണ്ട സ്ഥിതിയിലാണ്.ഇപ്പോൾ 6 ഷട്ടറുകളും 50 സെമി വീതം തുറന്നിട്ടുണ്ട്. തൊടുപുഴ ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു ' 2.15 PM ന് ഒരു ഷട്ടർ 80 സെമി ആക്കുന്നതാണ്. ഇപ്പോൾ ജലനിരപ്പ് 41.88 മീ.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ കനക്കുന്ന സാഹചര്യത്തിൽ മറ്റ് ജില്ലകളിലും അലേർട്ട് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ പാലിക്കേണ്ട നിർദ്ദേശങ്ങളെ കുറിച്ച് ഇപ്പോൾ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നത്. Read More
വയനാട്ടിൽ ഇന്നും നാളെയും അതിതീവ്ര മഴയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതോടെ സംസ്ഥാനത്ത് നാല് ജില്ലകളില്‍ 'റെഡ്' അലർട്ടായി. കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലും ഇന്ന് 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലുവയിൽ പെരിയാറിൽ ജലനിരപ്പ് കൂടുന്നു. ശിവക്ഷേത്രം മുക്കാൽ ഭാഗം വെള്ളത്തിനടിയിലായി. അങ്കമാലി - മാഞ്ഞാലി തോട് കവിഞ്ഞ് പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞു. നെടുമ്പാശ്ശേരി, പാറക്കടവ് പഞ്ചായത്തുകളിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ചില വീടുകളിലും വെള്ളം കയറി. വില്ലേജ് ഓഫീസർമാർ സ്ഥലങ്ങൾ സന്ദർശിക്കുകയാണ്. അത്യാവശ്യമെങ്കിൽ മാറ്റി താമസിപ്പിക്കേണ്ട വരെ മാറ്റും.
പെരിയാറിന്റെ തീരത്തുള്ള കടുങ്ങല്ലൂർ, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേ കര, പറവൂർ മുൻസിപ്പാലിറ്റി, കരിമാലൂർ, ആലങ്ങാട്, കുന്നുകര, ചെങ്ങമനാട്, ഏലൂർ മുൻസിപ്പാലിറ്റി, ആലുവ മുൻസിപ്പാലിറ്റി, വരാപ്പുഴ പഞ്ചായത്ത്, കടമക്കുടി, കുട്ടമ്പുഴ പഞ്ചായത്ത്, പിണ്ടിമന പഞ്ചായത്ത്, വേങ്ങൂർ കൂവപ്പടി ,മലയാറ്റൂർ, കാലടി ,കാഞ്ഞൂർ ശ്രീമൂലനഗരം, ചാലക്കുടി പുഴയുടെ തീരത്ത് പുത്തൻവേലിക്കര യുടെ ഭാഗമായ കോഴിതുരുത്ത്എന്നിവിടങ്ങളിൽ വെള്ളം ഉയരാൻ സാധ്യത.
മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (വ്യാഴം) ഉച്ചയ്ക്കു ശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
മൂന്നാറില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന പെരിയവരൈ പാലത്തിന് പകരം താല്‍ക്കാലികമായി നിര്‍മ്മിച്ചിരുന്ന പാലം തകര്‍ന്നു.
ജില്ലയിൽ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നു. മാനന്തവാടി തലശ്ശേരി റോഡിൽ കുഴിനിലത്ത് റോഡിൽ വെള്ളം കയറി ഭാഗിക ഗതാഗത തടസ്സമുണ്ട്. നിരവിൽപ്പുഴ, മരച്ചുവട് തുടങ്ങിയ സ്ഥലങ്ങളിൽ റോഡിൽ വെള്ളം കയറി കുറ്റ്യാടി ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ദേശീയ പാത 766 ൽ മുത്തങ്ങ പൊൻകുഴിയിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേജിലെ സി എസ് ഐ പള്ളിയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അഞ്ച് കുടുംബങ്ങള്‍ ക്യാമ്പിലേക്ക് മാറി.
കേരള തീരത്ത് പടിഞ്ഞാറ് / തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് . ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.
ഇടുക്കി ഡാമിലെ ജലനിരപ്പ് മൂന്നടി ഉയർന്ന് 2,321.26 ആയി. മുല്ലപെരിയാർ ഡാം ജലനിരപ്പ് 116 അടിയിലെത്തി.
ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. 10 യൂണിറ്റുകളെ വിളിക്കാനാണ് തീരുമാനം. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ യൂണിറ്റുകളെ നിയമിക്കും. നിലവിൽ ഇടുക്കി ജില്ലയിലും വയനാട് ജില്ലയിലും ഓരോ യൂണിറ്റുകൾ ഉണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് യോഗത്തിലെ വിലയിരുത്തൽ.
സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. സ്ഥിതിഗതികൾ വിലയിരുത്താനും, രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് നിർദ്ദേശം നൽകാനുമാണ് യോഗം വിളിച്ചിരിക്കുന്നത്.
മണിമല, മീനച്ചില്‍, മൂവാറ്റുപുഴ, പമ്പ എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നു. ചെറുതോണി - നേരിമംഗലം റൂട്ടില്‍ കീരിത്തോട്ടില്‍ ഉരുള്പൊട്ടിയിണ്ട്. പല ഇടങ്ങളില്‍ റോഡ് തടസ്സം. ആലപ്പുഴയില്‍ ശക്തമായ കാറ്റ്, നിരവധി വീടുകള്‍ക്ക് നാശനഷ്ടം. മൂന്നാറില്‍ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 194.8 മില്ലീമീറ്റര്‍ മഴ. കനത്ത മഴയിൽ കണ്ണൂർ പറശ്ശിനിക്കടവ് മടപ്പുരയ്ക്കുള്ളിൽ വെള്ളം കയറിയ നിലയിൽ. മഴയും മണ്ണിടിച്ചിലും മൂലം കോട്ടയം- കുമളി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിതുടങ്ങി. നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍പ്പൊക്കത്തിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. പ്രദേശത്തെ വ്യാപാരസ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പ്രദേശത്തെ പല വീടുകളും വെള്ളത്തില്‍ മുങ്ങി.