തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി പ്രഖ്യാപിച്ചു. ഒക്ടോബർ അഞ്ചോടെ അതിശക്തമായ മഴ പെയ്യും. ഞായറാഴ്ച ന്യൂനമർദ്ദം ശക്തിപ്രാപിക്കുമെന്നും തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

കേരളത്തിലൊട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒക്ടോബർ ഏഴിനാണ് ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കാലാവസ്ഥാ അവലോകനം ചെയ്യുന്നതിനായി ഉന്നത തല യോഗം ചേർന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്.

“അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറും. ഇത് ലക്ഷദ്വീപിന് അരികിലൂടെ വടക്കു-പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും എന്നാണ് മുന്നറിയിപ്പ്. ന്യൂനമർദ്ദം രൂപപ്പെട്ടാൽ അതിശക്തമായ കാറ്റുണ്ടാകും. കടൽ പ്രക്ഷുബ്ധമാകും. മത്സ്യത്തൊഴിലാളികൾ തിരികെ വരികയോ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയോ ചെയ്യണം” മുഖ്യമന്ത്രി പറഞ്ഞു.

“കേരളത്തിൽ പലയിടത്തും ശക്തവും അതിശക്തവും അതിതീവ്രവുമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഒക്ടോബർ ഏഴിന് മധ്യകേരളത്തിൽ ഇടുക്കി, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ അതി തീവ്ര മഴയുണ്ടാകും. ഒക്ടോബർ അഞ്ചോടെ കേരളത്തിൽ പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദം ശക്തമായാൽ തീരപ്രദേശത്ത് അതിശക്തമായ കാറ്റടിക്കും.”

“യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതലെടുക്കാൻ തീരുമാനിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. ഇവിടെ താമസിക്കുന്നവർ ഉദ്യോഗസ്ഥരുടെ നിർദ്ദേശം പാലിക്കണം. ഇത്തരം മേഖലകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കാൻ തീരുമാനിച്ചു. മലയോര മേഖലയിലേക്കുളള സഞ്ചാരം ഒഴിവാക്കണം.”

“ഒക്ടോബർ അഞ്ചിന് ശേഷം ഇനിയൊരു അറിപ്പ് ലഭിക്കുന്നത് വരെ നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്ക് പോകരുത്. ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. മരങ്ങൾ കടപുഴകി വീഴാനും സാധ്യതയുണ്ട്. വൈദ്യുതി ബന്ധം മുടങ്ങിയേക്കും. ഉച്ചഭാഷിണിയിൽ പൊലീസ് പ്രളയബാധിത മേഖലകളിൽ മുന്നറിയിപ്പ് നൽകും.”

“കേന്ദ്ര സേനാ വിഭാഗങ്ങളോട് അടിയന്തിരമായി സജ്ജമാകാൻ ആവശ്യപ്പെട്ടു. എൻഡിആർഎഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരെ ദുരന്തസാധ്യത മേഖലയിൽ നിന്ന് മാറ്റാൻ സാമൂഹ്യസുരക്ഷ വകുപ്പ് പ്രത്യേക നടപടി സ്വീകരിക്കണം. ദുരന്ത നിവാരണ സേനയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗം നാളെ ചേർന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് പഠിച്ച് തീരുമാനം കൈകൊളളും.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.