തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം.
- മേയ് 31: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
- ജൂൺ 1: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ
- ജൂൺ 2: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം
- ജൂൺ 3: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം
Also Read: ലക്ഷദ്വീപിലേക്ക് യാത്രാ നിയന്ത്രണം കര്‍ശനമാക്കി
കാലവര്‍ഷം ജൂണ്‍ ഒന്നിന് എത്തുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ഇതില്‍ മൂന്നോ നാലോ ദിവസം മാറ്റം വന്നേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലുണ്ടാകുന്ന സാഹചര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കണം.
ഇന്നു മുതല്‍ ജൂണ്‍ നാലു വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുനനറിയിപ്പ്.
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദേശങ്ങള്‍ https:// sdma.kerala.gov.in/lightning-warning എന്ന ലിങ്കില്‍ ഇവ ലഭ്യമാണ്.ഇടിമിന്നല്‍ സാധ്യത മനസിലാക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ‘ദാമിനി’ മൊബൈല്‍ ആപ്പ് ഉപയോഗിക്കാം. https://play.google.com/store/apps/details… എന്ന ലിങ്കില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
പ്രവചനാതീത സ്വഭാവമുള്ള വേനല്‍മഴ, കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ ഉച്ചകഴിഞ്ഞ സമയത്തായിരിക്കും ആരംഭിക്കുക. പകല്‍ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറയ്ക്കരുത്.
അടുത്ത മൂന്നു മണിക്കൂറില്‍ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ https:// http://www.imdtvm.gov.in/ എന്ന വെബ്സൈറ്റില്‍ കൃത്യമായ ഇടവേളകളില്‍ നൽകുന്നുണ്ട്.
31,1,2 തിയതികളില്‍ തെക്കുപടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.