കൊച്ചി: കനത്ത മഴയിൽ കഴിഞ്ഞ ഒറ്റ രാത്രിയിൽ മാത്രം കേരളത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. 17 പേരുടെ മരണം സ്ഥിരീകരിച്ചു. ഇടുക്കിയിൽ മാത്രം 11 പേർ മരിച്ചു. നിലമ്പൂരിൽ ഒരു കുടുംബത്തിലെ ആറ് പേരാണ് മരണമടഞ്ഞത്. അഞ്ച് ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടി. വയനാട് ജില്ലയിലേക്കുളള ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.

വയനാട്ടിലേക്കുളള മൂന്ന് ചുരങ്ങളിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ വയനാട് തീർത്തും ഒറ്റപ്പെട്ട നിലയിലായി.  മലപ്പുറം ജില്ലയിലെ നിലമ്പൂർ ചെട്ടിയംപാറയിലാണ് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചത്. ഇന്നലെ രാത്രിയിലുണ്ടായ ഉരുൾപൊട്ടലിലാണ് ദുരന്തം ഉണ്ടായത്. കുഞ്ഞി, ഗീത, നവനീത്, നീത, സുബ്രഹ്മണ്യൻ, ജിതിൻ എന്നിവരാണ് മരിച്ചത്.

ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഉരുൾപൊട്ടലിൽ തകർന്ന വീട്ടിനകത്ത് നിന്ന് ഹസ്സൻ കുഞ്ഞ്, ഭാര്യ ഫാത്തിമ, മകൻ നജീം, ഭാര്യ  ജമീല എന്നിവരെയും നജീമിന്റെയും ജമീലയുടെയും മൂന്നും നാലും വയസ് പ്രായമായ കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.

വയനാട് വൈത്തിരിയിലും കോഴിക്കോട് ജില്ലയിലും കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇരിട്ടി അയ്യങ്കുന്ന്‌ പഞ്ചായത്തിലെ എടപ്പുഴയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു വീടുതകര്‍ന്ന് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. എടപ്പുഴ സ്വദേശി ഇമ്മുട്ടിയിൽ തോമസ് (70), ഇദ്ദേഹത്തിന്റെ മകൻ ജെയ്‌സന്റെ ഭാര്യ ഷൈനി (40) എന്നിവരാണ് മരിച്ചത്.

മലപ്പുറത്ത് അഞ്ചിടത്ത് ഉരുൾപൊട്ടി അഞ്ചുപേരെ കാണാതായിട്ടുണ്ട്. കോഴിക്കോട് മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. തിരച്ചിൽ തുടരുകയാണ്. താമരശേരിയിൽ ഒരാളെ കാണാതായി. വയനാട് മക്കിമലയിൽ ഉരുൾപൊട്ടി രണ്ടുപേരെ കാണാതായി. ഇവിടെ ഗതാഗതം താറുമാറായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

മലപ്പുറം ആഢ്യൻപ്പാറ ജലവൈദ്യുതി പദ്ധതിയുടെ പവർഹൗസ് ഉരുൾപൊട്ടലിൽ ഒലിച്ച് പോയി. അവിടെ ജോലിയിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാർ രക്ഷപ്പെട്ടു. 3.5 മെഗാവാട്ട് യൂണിറ്റ് വൈദ്യുതി ഉൽപ്പാദിക്കുന്ന കേന്ദ്രത്തിന്റെ പ്രവർത്തനം ഇപ്പോൾ നിലച്ചിരിക്കുകയാണ്.

വയനാട്ടിലേക്കുളള മൂന്ന് ചുരത്തിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മലമ്പുഴ അണക്കെട്ടിനു സമീപവും ഉരുൾപൊട്ടി. കൊച്ചി ധനുഷ്കോടി ദേശീയപാതയിലും പലയിടത്തും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ കണ്ണൂരിൽ നിന്ന് സൈന്യത്തിന്റെ സേവനം തേടിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണസേന കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യൂമന്ത്രി അടിയന്തര യോഗം വിളിച്ചു. വീഡിയോ കോൺഫറൻസിങ് വഴി ഇദ്ദേഹം ജില്ലാ കലക്ടർമാരുമായി സംസാരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.