ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് മഴ ശക്തമായതോടെ വീണ്ടും ഉയരാൻ തുടങ്ങി. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ജലനിരപ്പ് 2397.02 അടിയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്.

കാലവർഷം ശക്തമായി പെയ്‌തതിനെ തുടർന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴ ലഭിച്ചിരുന്നു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്‌തതിനാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്.

മഴയുടെ ശക്തി കുറഞ്ഞതിനാലാണ് പിന്നീട് അണക്കെട്ട് തുറക്കില്ലെന്ന് മന്ത്രി എം.എം.മണി പ്രഖ്യാപിച്ചത്. എന്നാൽ മഴ വീണ്ടും ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. ഓഗസ്‌റ്റ് രണ്ടിന് രാവിലെ 2396.12 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പുണ്ടായിരുന്നത്. ഈ ഘട്ടത്തിലാണ് മഴ കുറഞ്ഞതും അണക്കെട്ടിലേക്കുളള നീരൊഴുക്ക് ദുർബലമായതും.

2403 അടിയാണ് അണക്കെട്ടിലെ സംഭരണ ശേഷി. 2399 അടിയിലെത്തിയാൽ ഷട്ടർ തുറക്കാനായിരുന്നു തീരുമാനം. വീണ്ടും മഴ ശക്തമായതോടെ കൂടുതൽ ജാഗ്രതാ നടപടികളിലേക്ക് വൈദ്യുതി ബോർഡും വിവിധ സർക്കാർ വകുപ്പുകളും കടന്നിട്ടുണ്ട്.

ഇടമലയാറിലെ അണക്കെട്ട് നാളെ രാവിലെ തുറക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ വരെ ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നാൽ ആറ് മണിക്കൂറിനുളളിൽ വെളളം എറണാകുളത്തെത്തുമെന്നാണ് വിവരം.

ഭൂതത്താൻകെട്ട് അണക്കെട്ടിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടെ ആകെയുളള 15 ഷട്ടറുകളിൽ 13 എണ്ണവും തുറന്നിട്ടിരിക്കുകയാണ്. എറണാകുളം ജില്ലയിൽ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, നോർത്ത് പറവൂർ, ഏലൂർ തുടങ്ങിയ സ്ഥലങ്ങളെ ദുരിതം ബാധിക്കാൻ സാധ്യതയുളള പ്രദേശങ്ങളായി സർക്കാർ കണക്കാക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ