scorecardresearch
Latest News

സംസ്ഥാനത്ത് കനത്ത മഴ; വെള്ളപ്പൊക്ക ഭീഷണി, മലയോര മേഖലകളിൽ നിയന്ത്രണം

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു

സംസ്ഥാനത്ത് കനത്ത മഴ; വെള്ളപ്പൊക്ക ഭീഷണി, മലയോര മേഖലകളിൽ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്നലെ മുതൽ പലയിടത്തും മഴ കൂടുതൽ ശക്തിപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് തലശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയില്‍ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.

മലയോരമേഖലയില്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. മലയോര മേഖലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഉണ്ട്. മഴ കനത്തതോടെ തീരമേഖലയില്‍ കടലാക്രമണ ഭീഷണിയുമുണ്ട്. സംസ്ഥാനത്തെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

Read Also: Horoscope Today June 22, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ: കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ജൂൺ 22, 24,25 തീയതികളിൽ കേരളത്തിലും മാഹിയിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴ് മുതൽ 11 സെന്റിമീറ്റർ മഴ വരെയാണ് അടുത്ത 24 മണിക്കൂറിൽ പ്രതീക്ഷിക്കുന്നത്.

കടലോരമേഖലകളിൽ ശക്തമായ കാറ്റു വീശിയടിച്ചേക്കും. പൊഴിയൂർ മുതൽ കാസർഗോഡ് വരെയുളള തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ട്. 2.7 മുതൽ 3.3 മീറ്റർവരെ തിരമാലകൾ ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Read Also: പ്രവാസികള്‍ അവിടെ കിടന്ന് മരിക്കട്ടേയെന്നതാണ് സര്‍ക്കാരിന്റെ നയം: രമേശ് ചെന്നിത്തല

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, ആറ് സെന്റിമീറ്റർ. ഇരിങ്ങാലക്കുടയിൽ അഞ്ച് സെന്റിമീറ്ററും ചാലക്കുടി, കൊടുങ്ങല്ലൂർ, കൊയ്‌ലാണ്ടി, തളിപറമ്പ് എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്റർ വീതവും മഴ രേഖപ്പെടുത്തി.

മുന്നറിയിപ്പ്

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ വീടുകളിൽ താമസിക്കുന്നവർ അവരുടെ പ്രധാനപ്പെട്ട രേഖകളായ ആധാരം, നികുതി ശീട്ട്, ആധാർ, ഐഡി കാർഡ്, പാൻ കാർഡ്, എടിഎം കാർഡ്, റേഷൻകാർഡ്, വിവിധ തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ, ബാങ്ക് പാസ്ബുക്ക്, മറ്റ് വിലപിടിപ്പുള്ള (പണം, സ്വർണം) വസ്തുക്കൾ ,അത്യാവശ്യ തുണിത്തരങ്ങൾ, പായ, ബെഡ്ഷീറ്റ് ,മരുന്നുകൾ മുതലായവ അടങ്ങിയ കിറ്റ് മുൻകൂട്ടി തന്നെ തയ്യാറാക്കി വെക്കണമെന്ന് കോഴിക്കോട് തഹസിൽദാർ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Heavy rain high alert kerala weather yellow alert live updates

Best of Express