തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കാലവര്‍ഷത്തിന് മുന്നോടിയായി ചൊവ്വാഴ്‌ച വരെ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് കടലില്‍ മൽസ്യബന്ധത്തിന് പോകുന്നവര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാനിലെത്തിയിട്ടുണ്ട്. ഇത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേരളത്തിലെത്തും. അതിന് മുന്നോടിയായി കനത്ത മഴയുണ്ടാകുമെന്നാണ് നിർദേശത്തില്‍ പറയുന്നത്. കേരളം, കന്യാകുമാരി, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്ന് നിർദേശത്തില്‍ പറയുന്നു. തീരങ്ങളില്‍ വന്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.

ഇവിടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം. അതിനാല്‍ ലക്ഷദ്വീപിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറന്‍ അറബിക്കടലിലും മീന്‍പിടിത്തം ഒഴിവാക്കണമെന്ന് നിർദേശത്തില്‍ പറയുന്നു.

ഉരുള്‍പൊട്ടാനിടയുള്ളതിനാല്‍ മലയോര മേഖലയിലേക്ക് രാത്രിയാത്ര നിയന്ത്രിക്കണമെന്നും കടല്‍ത്തീരത്തും പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും നിർദേശത്തില്‍ പറയുന്നു. മരങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.