തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച വരെ 12 മുതൽ 20 സെന്റി മീറ്റർ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതിനാൽ സുരക്ഷാ മുൻകരുതലെടുക്കണമെന്നു ദുരന്തനിവാരണ സേന അറിയിച്ചു. കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ഇതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി.
ജൂൺ 11 വരെ മലയോര മേഖലയിലെ താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ള താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു.