തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കര തൊട്ടതോടെ കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ മഴ തുടരുന്നു. പ്രസ്തുത സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതില്‍ മഴ ലഭിച്ച താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- സെപ്തംബര്‍ 28: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
- ഒക്ടോബര്‍ 1: തിരുവനന്തപുരം, കൊല്ലം.
- ഒക്ടോബര്‍ 2: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്.
ഞായറാഴ്ച വൈകുന്നേരം ആന്ധ്രാപ്രദേശ് തീരം കടന്ന ശേഷം അതിതീവ്ര ന്യൂനമർദ്ദമായി മാറിയ ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലിൽ പുതിയ ചുഴലിക്കാറ്റിന് കാരണമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ തീരദേശ മേഖലയില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.