കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. തുടർച്ചയായി പെയ്യുന്ന മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. മലയോര മേഖലയിൽ ഉരുൾപൊട്ടലും തുടരുകയാണ്. ഡാമുകളെല്ലാം പരമാവധി സംഭരണ ശേഷിയിൽ തന്നെയാണ്. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. രണ്ട് ദിവസത്തിനുള്ളിൽ മാത്രം 68 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

കനത്ത മഴയിലും പ്രളയക്കെടുതിയിലും ഇന്ന് മാത്രം സംസ്ഥാനത്ത് 37 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്. തൃശ്ശൂർ വടക്കാഞ്ചേരിക്കടുത്ത് നാല് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ്‌ 9 മരണം. മരണ സംഖ്യ ഉയരാനാണ്‌ സാധ്യത. ഇനിയും കൂടുതൽ ആളുകൾ മണ്ണിനടിയിൽ കുടുങ്ങി കിടപ്പുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Live Updates: കേരള പ്രളയം; തൽസമയ വാർത്തകൾ

പാലക്കാട്‌ നെന്മാറയിലുണ്ടായ ഉരുൾപൊട്ടലിൽ നവജാത ശിശു ഉൾപ്പടെ 7 പേർ മരിച്ചു. ഈരാറ്റുപേട്ട തീക്കോയിക്ക് അടുത്തുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. വൈക്കത്ത് വെള്ളക്കെട്ടിൽ വീണ്‌ വൃദ്ധ മരിച്ചു. പന്തീരികാവിലും സമാനമായ രീതിയിൽ വെള്ളക്കെട്ടിൽ വീണ്‌ ഒരാൾ മരിച്ചിരുന്നു.

മലപ്പുറം ഓടക്കയത്ത് വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ്‌ രണ്ട് കുട്ടികൾ മരണപ്പെട്ടു. കോഴിക്കോട് മാവൂരാടുത്തുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചിരുന്നു. തുമ്പോളിയിൽ മരം വീണ്‌ വൃദ്ധൻ മരിച്ചു. തൃശൂർ പൂമാലയിൽ വീട് തകർന്ന് രണ്ട് മരണം. പലയിടങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.