കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായതോടെ കനത്ത നാശനഷ്ടങ്ങളും.  മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലായാണ് ആറ് പേര്‍ മരിച്ചത്. ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ രണ്ട് ദിവസം മഴ തുടർച്ചയായി പെയ്‌തത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി.

ആനച്ചാലിന് സമീപം ഉരുള്‍ പൊട്ടി. ആളപായം ഉണ്ടായില്ല. മൂന്നാറിൽ കനത്ത മഴയില്‍ ദേശീയ പാതയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിലായി. മലയോര മേഖലയിലൂടെയുളള രാത്രി യാത്രയ്ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി.

ആനച്ചാലില്‍ ഇന്നലെ വൈകിട്ട്  കല്ലും മണ്ണും മൂന്നുവീടുകളിലേക്ക് കുത്തിയൊലിച്ചെങ്കിലും ആളപയമുണ്ടായില്ല. അപകടസാധ്യത കണക്കിലെടുത്ത് ആനച്ചാലിലെ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തില്‍ അപകടഭീഷണി നേരിടുന്ന പ്രദേശത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പള്ളിവാസല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീടിനു മുകളിലേക്ക് വന്‍മരം കടപുഴകി വീട് പൂര്‍ണ്ണമായും തകര്‍ന്നു.  പലവീടുകളുടെയും മേള്‍ക്കൂരകള്‍ ശക്തമായ കാറ്റില്‍ നിലംപൊത്തി. ഹൈറേഞ്ച് മേഖലയിലെ മിക്കയിടങ്ങളിലും മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായ അവസ്ഥയിലാണ്.

മഴ കനത്തതിനെതുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. തൃശ്ശൂരിൽ  ജില്ലയിലുണ്ടായ കൃഷിനാശത്തിന്റെ കണക്കുകള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും. ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന താലൂക്കുകളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വിവിധയിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ