കോഴിക്കോട്: കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടലിൽ കനത്തനാശം. താമരശ്ശേരി കട്ടിപ്പാറയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്. ദില്‍ന ഷെറിൻ (9), മുഹമ്മദ് ഷഹബാസ് (3), മുഹമ്മദ് ജാസിം (5), അബ്‌ദു റഹ്മാൻ (60) എന്നിവരാണ് മരിച്ചത്.

പുലർച്ചെ മൂന്നു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായതെന്നാണ് വിവരം. ഈ പ്രദേശത്ത് താമസിച്ചിരുന്ന മൂന്നു കുടുംബങ്ങളാണ് അപകടത്തിൽപെട്ടത്. മൂന്നു വീടുകളും പൂർണമായും മണ്ണിനടിയിൽ അകപ്പെട്ടതായാണ് വിവരം. ഇവിടെ താമസിച്ചിരുന്ന രണ്ടും കുടുംബം കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ ദിവസം ഒഴിഞ്ഞുപോയിരുന്നു.

മൂന്നു വീടുകളിലായി ഉണ്ടായിരുന്ന 12 പേരാണ് അപകടത്തിൽപ്പെട്ടത്. എട്ടുപേരെ ഇനിയും കണ്ടെത്താനുണ്ട്. നോമ്പു തുറയ്‌ക്കായി ഈ വീടുകളിൽ പുറത്തുനിന്നും ആളുകളെത്തിയിരുന്നു.

വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. തൃശൂരിന്റെ മലയോര മേഖലയിലും മഴ തുടരുന്നുണ്ട്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടു. മലപ്പുറത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്‌ടമുണ്ടായി. എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂർ ആനക്കല്ലിൽ ഉരുൾ പൊട്ടി. ഏക്കർ കണക്കിന് കൃഷിയാണ് ഇവിടെ നശിച്ചത്. നിലമ്പൂർ കാഞ്ഞിരപുഴയിലും ഉരുൾ പൊട്ടി. ആളപായമില്ല.

കനത്ത മഴയില്‍ വയനാട് വൈത്തിരി തളിപ്പുഴയില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കക്കയം ഡാം തുറന്നു. മലോയര മേഖലകളിലെങ്ങും ഉരുൾപൊട്ടൽ സാധ്യതയുണ്ട്.

ശക്തമായ മഴയില്‍ കോഴിക്കോട് മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി.

മാക്കൂട്ടം ചുരത്തില്‍ മരങ്ങള്‍ കടപുഴകി വീണു. നിരവധി വാഹനങ്ങളും യാത്രക്കാരും ചുരത്തില്‍ കുടുങ്ങി. കുടകിലോട്ട് യാത്ര പോയവരും കുടകില്‍ നിന്ന് നാട്ടിലോട്ട് പോയവരുമായി അനവധി ആളുകള്‍ കുടുങ്ങി.

കനത്ത മഴ തുടരുന്ന കോഴിക്കോട്ടേയും വയനാട്ടിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോഴിക്കോട് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്‌ടര്‍ അവധി പ്രഖ്യാപിച്ചത്. വയനാട്ടില്‍ പ്രൊഫഷണള്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ