തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയർന്നതോടെ ചെറുതോണി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകൾ തുറന്നു. 40 സെന്റിമീറ്റർ വീതം ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ ഷട്ടറുകൾ വീണ്ടും ഉയർത്തി. സെക്കന്റിൽ 700 ഘനമീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

വ്യാഴാഴ്ച ട്രയൽ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടറാണ് തുറന്നത്. ഇന്നു രാവിലെയോടെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. ഷട്ടറുകളിൽ കൂടി ഒഴുക്കുന്ന വെളളത്തിന്റെ ഇരട്ടി അണക്കെട്ടിലേക്ക് ഒഴുകി എത്തിയതോടെയാണ് രണ്ടു ഷട്ടറുകൾ കൂടി വീണ്ടും തുറന്നത്. ഇതോടെ ഇടുക്കി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു.


(കടപ്പാട്: ഇടുക്കിവിഷൻ ന്യൂസ്)

അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ ചെറുതോണി ഡാമിന്റെ ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി. ചെറുതോണി തീരത്തെ മരങ്ങൾ കടപുഴകി വീണു. തീരത്തുളള ചില മരങ്ങൾ അഗ്നിശമന വിഭാഗം മുറിച്ചു മാറ്റി. ചെറുതോണി പുഴയുടെ തീരത്തുളള കെട്ടിടം തകർന്ന് വീണു. ചെറുതോണി ബസ് സ്റ്റാന്റിലേക്കും വെളളം കയറി.

ചെറുതോണിയിൽ പെരിയാർ തീരത്തുളള ജനങ്ങളെ മാറ്റിപാർപ്പിച്ചു. പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടു പഞ്ചായത്തുകളിലായി അഞ്ചോളം ദുരിതാശ്വാസ ക്യാംപുകളും തുറന്നിട്ടുണ്ട്. അതേസമയം, ആശങ്കപ്പെടേണ്ടതില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മന്ത്രി എം.എം.മണി പ്രതികരിച്ചു. സ്ഥിതിഗതികൾ ജില്ലാ അധികൃതരും കെഎസ്ഇബിയും ഡാം അധികൃതരും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

അതിനിടെ, ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അണക്കെട്ടിലേക്കുളള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ