തിരുവനന്തപുരം: സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തത്തിൽ സർക്കാരിന് കഴിയാവുന്ന എല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. സംസ്ഥാന-കേന്ദ്ര സർക്കാരുകളുമായി ഏകോപിച്ചുകൊണ്ടുളള പ്രവർത്തനമായിരിക്കും നടക്കുക. സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ആവശ്യമായ എല്ലാ സഹായവും നൽകാമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി ഇന്നും ഫോണിൽ വിളിച്ച് എല്ലാ സഹായവും വാഗ്‌ദാനം ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആർമി, എയർഫോഴ്സ്, നേവി, കോസ്റ്റ്ഗാർഡ്, ഫയർഫോഴ്സ്, എൻഡിആർഎഫ് എന്നിവരുടെ 52 ടീമുകൾ രക്ഷാപ്രവർത്തനായി നിലവിലുണ്ട്. ആർമിയുടെ 12 ടീമും എയർഫോഴ്സിന്റെ 8 ഹെലികോപ്റ്ററുകളും നേവിയുടെ 5 ഡൈവിങ് ടീമുകളും കോസ്റ്റ്ഗാർഡിന്റെ മൂന്നു ടീം ഒരു ഹെലികോപ്റ്ററുമാണ് രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടിരിക്കുന്നത്. ഇതിനുപുറമേ എൻഡിആർഎഫിന്റെ 40 സംഘം കൂടി സംസ്ഥാനത്തെത്തും.
എയർഫോഴ്സിന്റെ നാലു ഹെലികോപ്റ്ററുകൾ എത്തും. നേവിയുടെ നാലു ഹെലികോപ്റ്റർ കൂടി അനുവദിച്ചിട്ടുണ്ട്. മറൈൻ കമാൻഡോഴ്സ് എത്തും. കോസ്റ്റ് ഗാർഡിന്റെ രണ്ടു കപ്പലുകൾ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ടു ജെമിനി ടീമുകൾ കൂടി എത്തും. വ്യോമസേനയുടെ 10 ഹെലികോപ്റ്ററുകൾ നിലവിലുണ്ട്. കൂടുതൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ ഡാമുകളും നിറഞ്ഞൊഴുകുകയാണ്. മനുഷ്യസാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും നടക്കുന്നു. അണക്കെട്ടുകളിൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ആലുവ, ചാലക്കുടി ഭാഗങ്ങളിൽനിന്നുളളവർ മാറിത്താമസിക്കണം. ചാലക്കുടി പുഴയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുളളവർ മാറിത്താമസിക്കണം. പെരിയാർ, ചാലക്കുടി ഭാഗങ്ങളിൽ ഉളളവർ ജാഗ്രത പുലർത്തണം. ആലുവ പുഴയുടെ അര കിലോമീറ്റർ അകലെയുളളവരും മാറണം. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും രക്ഷാപ്രവർത്തനത്തിനായി ബോട്ട് വിട്ടു നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

സർക്കാർ ഉദ്യോഗസ്ഥർ എല്ലാവരും രംഗത്തുണ്ട്. അവരെല്ലാം നല്ല പ്രവർത്തനമാണ് നടത്തുന്നത്. സർക്കാർ ഉദ്യോഗസ്ഥർ അവധി ദിവസങ്ങളിൽ പ്രവർത്തിച്ചാൽ ഡ്യൂട്ടിയായി കണക്കാക്കും. ഈ ആഴ്ച നിശ്ചയിച്ച പിഎസ്സി അഭിമുഖം മാറ്റിവച്ചിട്ടുണ്ട്. അടിയന്തര സഹായം ആവശ്യമുളളവരെക്കുറിച്ച് കേന്ദ്ര ഏജൻസികളെ അറിയിക്കും. ഒറ്റപ്പെട്ടു പോയവരുടെ വിവരങ്ങൾ ശേഖരിച്ച് അവരെ രക്ഷപ്പെടുത്താനുളള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുട്ടനാട് മേഖലയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ, ചെങ്ങന്നൂർ, തിരുവല്ല മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ചില ഇടങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിട്ടുണ്ട്. അപകടമില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ അവ പുനഃസ്ഥാപിക്കൂ. വാർത്താവിനിമയ സംവിധാനങ്ങൾക്ക് തടസ്സമില്ലാതിരിക്കാൻ മൊബൈൽ കമ്പനികളുടെ യോഗം വിളിച്ചിട്ടുണ്ട്. ബോട്ടുകൾ പ്രവർത്തിക്കുമ്പോൾ ഇന്ധനം തീരുന്നുണ്ട്. ഇന്ധന ലഭ്യത ഉറപ്പു വരുത്താൻ പെട്രോൾ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ ഉണ്ടായിരിക്കുന്ന ദുരന്തത്തിൽ ഭയപ്പെടേണ്ടെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.