തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. അഞ്ച് ഷട്ടറുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. നാലു ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നിരിക്കുന്നത്.

ഷട്ടർ തുറന്നതു മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകൾ വെള്ളക്കെട്ടിൽ മുങ്ങി. കുറ്റിച്ചൽ, കോട്ടൂർ പ്രദേശങ്ങളിൽ പല റോഡുകളിലും വെള്ളം കയറി. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും ഉണ്ട്. കനത്ത മഴ തുടരുന്നതിനാൽ മത്സ്യബന്ധതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: ഉംപുൻ ചുഴലിക്കാറ്റ്: പ്രധാനമന്ത്രി ഇന്ന് ബംഗാൾ സന്ദർശിക്കും

സംസ്ഥാനത്ത് ഇന്നലെ രാത്രിയും ശക്തമായ മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഡാമുകളുടെ വൃഷ്‌ടിപ്രദേശങ്ങൾ മഴ തുടർച്ചയായി ലഭിക്കുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.

ശക്തമായ മഴയെ തുടർന്ന് മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ നേരത്തെ തുറന്നിട്ടുണ്ട്. മൂന്ന് ഷട്ടറുകളാണ് തുറന്നത്. ആകെ ആറ് ഷട്ടറുകൾ ഉള്ളതിൽ മൂന്ന് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. വേനൽ മഴ ശക്തമായതിനാലും മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ചതിനാലുമാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.