കൊല്ലം: ശക്തമായ കാറ്റില്‍ റെയിൽവേ വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം മയ്യനാട് റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. ഇതോടെ ട്രെയിനുകള്‍ മണിക്കൂറുകളാണ് വൈകി ഓടുന്നത്. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

മയ്യനാട് റെയില്‍വേ ഗേറ്റിന് അടുത്തുള്ള കുളങ്ങര കല്ലുംമൂടിനു സമീപത്താണ് മരം വീണത്. രാത്രി എട്ടോടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇതിലാണ് മരം കടപുഴകി വീണത്. മയ്യനാട് ചന്ദ്ര പ്രസിന് സമീപം സ്വകാര്യ പുരയിടത്തിലെ വലിയ ആഞ്ഞിലിമരമാണ് ആദ്യം വീണത്. പിന്നാലെ വേറേയും മരങ്ങള്‍ ട്രാക്കിലേക്ക് വീണു. ഇതോടെ ഗതാഗതം തടസ്സപ്പെടുകയായിരുന്നു.

തിരുവനന്തപുരം മംഗലാപുരം – മാവേലി എക്സ്പ്രസും മലബാര്‍ എക്സ്പ്രസും 6.40 മണിക്കൂറാണ് വൈകിയോടുന്നത്. തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ് (16347) ഏഴു മണിക്കൂറും വൈകിയോടുന്നു. ചെന്നൈ – ഗുരുവായൂര്‍ എക്സ്പ്രസ് 5.45 മണിക്കൂറും, നാഗര്‍കോവില്‍ – മംഗലാപുരം ഏറനാട് എക്സ്പ്രസ് 1.20 മണിക്കൂറും വൈകി ഓടുന്നു.

കൂടാതെ തിരുവനന്തപുരം – ഷൊർണൂര്‍ വേണാട് എക്സ്പ്രസ് ഒരു മണിക്കൂറും, തിരുവനന്തപുരം – പാലക്കാട് അമൃത എക്സ്പ്രസ് 5.38 മണിക്കൂറുമാണ് വൈകിയോടുന്നത്. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ് രണ്ട് മണിക്കൂറാണ് വൈകിയോടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ