കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കോഴിക്കോട് തിരുവമ്പാടിയില്‍ പാലം ഒലിച്ചു പോയി. മറിപ്പുഴ പാലമാണ് ഒലിച്ചു പോയത്. കഴിഞ്ഞ ആഴ്ച പാലത്തിന്റെ ഒരു ഭാഗം ഒലിച്ചു പോയിരുന്നു. ഇന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലം പൂര്‍ണ്ണമായും ഒലിച്ചു പോവുകയായിരുന്നു.

പതിനഞ്ചോളം കുടുംബങ്ങളാണ് ഈ പാലത്തെ ആശ്രയിച്ച് കഴിയുന്നത്. പാലം ഇല്ലാതായതോടെ ഇവര്‍ ഒറ്റപ്പെട്ടു. വെള്ളം ശക്തിയായി ഒഴുകുന്നത് കണക്കിലെടുത്ത് ഇരുവഴഞ്ഞിപ്പുഴയുടെ അടുത്തേക്ക് പോകരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലമുകളില്‍ പലയിടത്തായി ഉരുള്‍പൊട്ടിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.

മലപ്പുറം നിലമ്പൂരില്‍ ഉരുള്‍പൊട്ടി. അകമ്പാടം നമ്പൂരിപ്പെട്ടിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കൂടാതെ മലമ്പുഴയിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉടനെ 45 സെന്റീമീറ്ററായി ഉയര്‍ത്തും. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. വയനാടും മഴ പെയ്യുന്നുണ്ട്. മഴ തുടരുകയാണെങ്കില്‍ വൈകുന്നേരത്തോടെ ബാണാസുര ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തേണ്ടി വരുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.