ആലുവ: പെരിയാർ കരകവിഞ്ഞതോടെ ആലുവ നഗരം വെളളത്തിലായി. ആലുവ ജംങ്ഷൻ പൂർണമായും വെളളത്തിനടിയിലായി. ആലുവയിൽ ദേശീയപാതയിൽ വെളളം കയറി റോഡ് ഗതാഗതം തടസ്സപ്പെട്ടു. ആലുവ റെയിൽവേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടനിലയിൽ എത്തിയത് ആശങ്ക ഉയർത്തുന്നുണ്ട്.

നിലവിൽ പെരിയാർ വഴിതിരിഞ്ഞു ഒഴുകുന്ന സ്ഥിതിയിലാണ്. ആലുവ മെട്രോയാഡിനു സമീപത്തെ പാടത്തേക്ക് വെളളം ഒഴുകി വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ റോഡു മുറിച്ചുകടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ്. നൂറിലധികം വീടുകളിൽ വെളളം കയറി. പെരുമ്പാവൂർ മൂവാറ്റുപുഴയിലേക്കുളള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

ആലുവ മഹാദേവക്ഷേത്രവും മണപ്പുറവും പരിസര പ്രദേശങ്ങളും ദിവസങ്ങളായി വെളളത്തിനടിയിലാണ്. ഇവിടങ്ങളോട് ചേർന്നുളള കുടുംബങ്ങളിൽ നിരവധി പേർ ഒറ്റപ്പെട്ടു കഴിയുകയാണെന്നാണ് വിവരം. പലരും വീടിന്റെ മുകളിൽ കയറി ഇരിക്കുകയാണ്. ഇവിടേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല.

സൈന്യം ഉൾപ്പെടെയുളളവർ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ടെങ്കിലും ബോട്ടുകളുടെ കുറവ് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ബോട്ടുകളുടെ കുറവു മൂലം ഉൾപ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയുന്നില്ല. ജനങ്ങൾ സ്വന്തം നിലയ്ക്ക് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. എങ്കിലും നൂറിലധികം പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

ആലുവ ബസ്റ്റാന്‍റ്, എരൂര്‍, കപ്പട്ടിക്കാവ്, കൊപ്പപറമ്പ്, വൈമിതി, കുന്നറ, പെരിയ കാട്, തെക്കുംഭാഗം, ഇരുമ്പനം, പാമ്പാടിത്താഴം എന്നിവിടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ വെളളക്കെട്ടിൽ അകപ്പെട്ടിരിക്കുകയാണ്. ആലുവ ബൈപ്പാസ് മുതൽ അദ്വൈതാശ്രമം വരെ ആറടിയോളം ഉയരത്തിലാണ് വെളളം നിറഞ്ഞിട്ടുണ്ട്.

33,3000 ആളുകളെയാണ് പെരിയാറിന്‍റെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. ഏകദേശം 12,000 കുടുംബങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, മാഞ്ഞാലി, അങ്കമാലി, ചേന്ദമംഗലം, ചിറ്റാറ്റുകര, പറവൂർ ഭാഗങ്ങളിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഗതാഗതം ഭാഗികമായി നിരോധിച്ചു. എറണാകുളത്തിന്റെ പല താഴ്ന്ന പ്രദേശങ്ങളും വെളളത്തിനടിയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.