തിരുവനന്തപുരം:സംസ്ഥാനത്ത് 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും സാധ്യത.
തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കും. ഇത് വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍കടലില്‍ എത്തിചേരും. ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. തുലാവര്‍ഷത്തിനു മുന്നോടിയായുള്ള മഴയും ഈ ദിവസങ്ങളില്‍ കിട്ടും. 20ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. 11 ജില്ലകളില്‍ കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.