കൊച്ചി: നാടിനെ നടുക്കിയ പ്രളയം നേരിട്ട് അനുഭവിച്ചതിന്റെ നടുക്കം നടി അനന്യയ്ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പ്രളയത്തിൽ അനന്യയുടെ വീടും വെളളത്തിൽ മുങ്ങി. ഇപ്പോൾ നടിയും കുടുംബവും നടി ആശ ശരത്തിന്റെ വീട്ടിലാണുളളത്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അനന്യ താൻ കടന്നുപോയ ദുരിത നിമിഷങ്ങളെക്കുറിച്ചും ഇപ്പോൾ സുരക്ഷിതയാണെന്നും അറിയിച്ചത്.

”കഴിഞ്ഞ രണ്ടു ദിവസമായി പ്രളയത്തിൽ അകപ്പെട്ട് കഴിയുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സുരക്ഷിത സ്ഥാനത്ത് എത്തിയത്. രണ്ടു ദിവസം കടന്നുപോയത് എങ്ങനെയാണെന്ന് അറിയില്ല. ഇപ്പോൾ പെരുമ്പാവൂരിൽ ആശ ശരത്തിന്റെ വീട്ടിലാണുളളത്. ആശ ചേച്ചി വിളിച്ച് അങ്ങോട്ടേക്ക് പോകാൻ പറഞ്ഞു. ഇപ്പോൾ ഞാനും കുടുംബവും സുരക്ഷിതരാണ്. വീടാകെ വെളളത്തിലാണ്. മിനിറ്റുകൾ കൊണ്ടാണ് വെളളം പൊങ്ങിയത്. ഗ്രൗണ്ട് ഫ്ലോർ മുഴുവനും വെളളം കയറി. ഒന്നാം നിലവരെയെത്തി. എന്റെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാവരുടെയും വീടുകൾ വെളളത്തിലാണ്. ദൈവാനുഗ്രഹം കൊണ്ട് അവരൊക്കെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. മനസ്സ് മരവിച്ച അവസ്ഥയാണ്. മുന്നോട്ടുളള ജീവിതം എങ്ങനെയാണെന്നറിയില്ല”, അനന്യ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

പ്രളയത്തിൽ അകപ്പെട്ടവർക്ക് സ്വന്തം വീട്ടിൽ താമസ സൗകര്യം നൽകാൻ എല്ലാവരും തയ്യാറാവണമെന്നും അനന്യ ആവശ്യപ്പെട്ടു. ഒരുപാട് പേർ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. അവർക്ക് സ്വന്തം വീട്ടിൽ കിടക്കാനൊരു ഇടം നൽകാനുളള മനസ്സ് എല്ലാവരും കാട്ടണമെന്നും നടി അഭ്യർത്ഥിച്ചു.

നേരത്തെ പ്രളയത്തിൽ അകപ്പെട്ട നടൻ ധർമ്മജൻ ബോൾഗാട്ടിയെയും നടി മല്ലിക സുകുമാരനെയും രക്ഷാപ്രവർത്തകരെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. പറവൂരിൽ നടൻ സലിം കുമാറും വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. നടൻ രക്ഷപ്പെട്ടോയെന്നതിനെക്കുറിച്ച് ഇതുവരെ വിവരമില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ