/indian-express-malayalam/media/media_files/uploads/2018/08/salim-kumar.jpg)
എറണാകുളം: പ്രളയത്തിൽ അകപ്പെട്ട് നടൻ സലിം കുമാറും. പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുളള സലിം കുമാറിന്റെ വീട്ടിലാണ് വെളളം കയറിയത്. സഹായം അഭ്യർത്ഥിച്ച് നടൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു.
ഇന്നലെയാണ് വീട്ടിലേക്ക് വെളളം എത്തിതുടങ്ങിയത്. ഇതോടെ വൈകിട്ട് 3 മണിയോടെ നടൻ വീടുപേക്ഷിച്ച് പോകാൻ തയ്യാറായെങ്കിലും വീടിനു സമീപത്തുളള 35 ഓളം പേർ സഹായം തേടി വീട്ടിലെത്തി. ഇതോടെ നടൻ അവർക്കൊപ്പം വീട്ടിൽ കഴിയാൻ തീരുമാനിക്കുകയായിരുന്നു. ഇന്നു ഉച്ചയോടെ വെളളം വീടിന്റെ താഴത്തെ നിലയെ പൂർണമായും മുക്കി. ഇപ്പോൾ വീടിന്റെ രണ്ടാം നിലയിലാണ് നടനും മറ്റു 35 ഓളം പേരും ഉളളത്.
രണ്ടാം നിലയിലേക്ക് വെളളം എത്തിയാൽ പിന്നെ ടെറസിലേക്ക് കയറേണ്ടി വരും. എന്നാൽ ഇത് വളരെ ബുദ്ധിമുട്ടാണെന്നും തന്റെ കൂട്ടത്തിൽ നിരവധി പ്രായമായവർ ഉണ്ടെന്നുമാണ് നടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. വെളളം ഉയരുകയാണെന്നും എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തകർ എത്തി സഹായിക്കണമെന്നും നടൻ അഭ്യർത്ഥിച്ചു.
Read More: പ്രളയത്തിൽ അകപ്പെട്ട ധർമ്മജൻ ബോൾഗാട്ടിയെയും കുടുംബത്തെയും രക്ഷപ്പെടുത്തി
ഇന്നലെ പ്രളയത്തിൽ അകപ്പെട്ട നടൻ ധർമ്മജൻ ബോൾഗാട്ടിയെയും കുടുംബത്തെയും രക്ഷാപ്രവർത്തകരെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. വീടിനു ചുറ്റും വെളളം നിറഞ്ഞതിനാൽ സഹായം അഭ്യർത്ഥിച്ച് ധർമ്മജൻ വോയിസ് ക്ലിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടനെയും കുടുംബത്തെയും വഞ്ചിയിലാണ് രക്ഷപ്പെടുത്തിയത്.
തിരുവനന്തപുരത്ത് നടി മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ എത്തി മാറ്റിപ്പാര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവ് ഗിരി കുമാര്‍ അടക്കമുളള സംഘമാണ് മല്ലികയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെയ്ത മഴയില്‍ നടന്‍ പൃഥ്വിരാജിന്റെ അമ്മ കൂടിയായ മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ചെമ്പില്‍ ഇരുത്തിയാണ് സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്. കോൺഗ്രസ് നേതാവ് വി.എം.സുധീരനെയും കുടുംബത്തെയും നേരത്തെ തന്നെ മാറ്റിപാർപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.