കോഴിക്കോട്: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപകനാശ നഷ്ടങ്ങൾ. വയനാടും കോഴിക്കോടും വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടി. സംസ്ഥാനത്തൊട്ടാകെ നാല് പേർ മഴക്കെടുതിയിൽ മരിച്ചതായാണ് ലഭിക്കുന്ന വിവരം.

ഇടുക്കിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ആറുപേരെ കാണാതായി. പരമാവധി സംഭരണ ശേഷിയിൽ ജലനിരപ്പ് ഉയർന്നതോടെ ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ഇടമലയാർ അണക്കെട്ട് തുറന്നു.  പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുകയണ്. അതേസമയം ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സർക്കാർ വ്യക്തമാക്കി.

ചുരത്തിൽ നാലിടത്ത് മണ്ണിടിഞ്ഞതോടെ വയനാട്ടിലേക്കുളള വഴികൾ തടസപ്പെട്ടു. വയനാട് ഇപ്പോൾ ഒറ്റപ്പെട്ട  നിലയിലാണ്. വൈത്തിരിയിൽ ഉരുൾപൊട്ടി ഒരാൾ മണ്ണിനടിയിൽപ്പെട്ടു. രണ്ട് വീടുകൾ പൂർണമായും ഏഴ് വീടുകള്‍ ഭാഗികമായും തകർന്നു.

വയനാട്ടില്‍ നിന്ന് കോഴിക്കോടേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് എല്ലാ വഴികളും അടഞ്ഞു. സംസ്ഥാനത്ത്  34 ദുരിതാശ്വാസ ക്യാംപുകളിലായി 2,259 പേരെ പാർപ്പിച്ചതായി ഔദ്യോഗിക വിവരം ലഭിച്ചു.

വയനാട്ടില്‍ പലയിടത്തും ആളുകളെ കാണാതായതായി സംശയമുള്ളതിനാല്‍ ഫയര്‍ഫോഴ്സും റവന്യു ഉദ്യോഗസ്ഥരും തിരച്ചില്‍ തുടരുന്നുണ്ട്.  കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയിൽ കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. അറുപതിലേറെ പേരെ ഇവിടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയതായിരുന്നു റിജിത്തും സുഹൃത്തുക്കളും. സുഹൃത്തുക്കൾ രക്ഷപ്പെട്ടെങ്കിലും റിജിത്തും കാറും പുഴയിൽ ഒഴുക്കിൽപെട്ടു.

ഇടുക്കി അടിമാലിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ആറുപേരെ കാണാതായതായി സംശയമുണ്ട്. ആറ് മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഇടമലയാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം ഉയർത്തി. ഇവിടെ നിന്നുള്ള വെള്ളം ഒഴുകി എത്തുന്ന ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ 14 ഷട്ടറുകളും തുറന്നിട്ടുണ്ട്.  ഇടുക്കിയിൽ ജലനിരപ്പ് 2398.20 അടിയായി ഉയര്‍ന്നതും വെല്ലുവിളിയാണ്.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് വര്‍ധിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ടി വന്നേക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ