കൽപറ്റ: മഹാപ്രളയത്തിൽനിന്നും കരകയറിയ കേരളത്തിലെ ജനങ്ങളെ കാലവർഷം വീണ്ടും ദുരിതത്തിലാഴ്ത്തി. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കാലവർഷം കലിതുളളി പെയ്യുകയാണ്. ദുരിത പെ‌യ്‌ത്തിൽ ഇതുവരെ മരിച്ചത് 42 പേർ. ഏറ്റവും കൂടുതൽ പേർ മരിച്ചത് വയനാട്ടിലാണ്. ഏറ്റവും കൂടുതൽ നാശനഷ്ടവും ക്യാംപുകൾ തുറന്നതും വയനാട്ടിലാണ്.

Kerala Floods Rain, Red Alert Live Updates: കലിയടങ്ങാതെ മഴ; റെഡ് അലർട്ട് എട്ട് ജില്ലകളിൽ, ബാണാസുര ഡാം തുറക്കും

വയനാട്ടിൽനിന്നുള്ളൊരു മണ്ണിടിച്ചിലിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുളളത്. കുത്തിയൊലിച്ചെത്തിയ മലവെളളപ്പാച്ചിലിൽ ഒരു പ്രദേശമാകെ തകർന്നടിയുകയാണ്. വയനാട്ടിലെ കുറിച്യാർമലയിൽനിന്നുളളതാണ് ഈ ദൃശ്യമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വയനാട്ടിൽനിന്നുളള മറ്റു നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അതീവ ദുഷ്‌കരമാകുന്നു. ജെസിബി പോലുള്ളവ എത്തിച്ചാല്‍ മാത്രമേ ഇനി കാര്യക്ഷമമായി എന്തെങ്കിലും നടക്കുകയുള്ളൂ. മനുഷ്യസാധ്യമായ അവസ്ഥയില്‍ അല്ല പ്രദേശത്തിന്റെ കിടപ്പെന്ന് രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചു. ഇന്ന് രാവിലെ പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട് പ്രദേശത്തുണ്ടായിരുന്ന അമ്പതിലധികം ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെയാണ് മഴ വീണ്ടും ശക്തമായത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒമ്പത് മൃതദേഹങ്ങളാണ് പുത്തുമലയില്‍ നിന്നും കണ്ടെടുത്തത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് പുത്തുമലയില്‍ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് മുഴുവനായും ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയില്‍ കാണാന്‍ കഴിയുന്നത്. മലയാളം പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികള്‍ എട്ട് കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍, ഇരുപതോളം വീടുകള്‍, പള്ളിയും അമ്പലവും കടകളും വാഹനങ്ങളും എന്ന് തുടങ്ങി പ്രദേശമാകെ ഉരുള്‍പൊട്ടലില്‍പ്പെട്ടതായാണ് വിവരം. റോഡും പാലവുമൊക്കെ തകര്‍ന്നതോടെ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.