കോഴിക്കോട്: കലിതുള്ളി കാലവര്‍ഷം. സംസ്ഥാനത്ത് ആകെ 15 മരണമാണ് കനത്ത മഴയെ തുടര്‍ന്ന് രേഖപ്പെടുത്തിയത്. ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയില്‍ മാത്രം എട്ടു പേര്‍ മരിച്ചു. എഴു പേര്‍ ഉരുള്‍പൊട്ടലിലും ഒരാള്‍ മുങ്ങി മരിക്കുകയുമായിരുന്നു. ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടും. അതേസമയം, കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കനത്ത മഴയില്‍ സംസ്ഥാനത്ത് ഏഴുപേരെയാണ് കാണാതായിരിക്കുന്നത്. മലപ്പുറം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലായി ആറുപേര്‍ മരിച്ചു. അതേസമയം, മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് കോഴിക്കോട്ട് കരിഞ്ചോലമലയിലെ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പുലര്‍ച്ചെയായിരുന്നു സംഭവം. അതുകൊണ്ടു തന്നെ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വൈകിയതും വിനയായി. ഉരുള്‍പൊട്ടലില്‍ നാലു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. കാണാതായവര്‍ക്കായി ദുരന്തനിവാരണ സേനയും ജനങ്ങളും തിരച്ചില്‍ തുടരുകയാണ്.

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലെ രണ്ടിടങ്ങളിലും കക്കയം, പുല്ലൂരാമ്പാറ, ചമല്‍, കുളിരാമുട്ടി എന്നിവിടങ്ങളിലായി ആറിടങ്ങളിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. ദുരിത സാഹചര്യത്തില്‍ കോഴിക്കോട് 12 പഞ്ചായത്തുകളിലായി ആയിരത്തോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി മാറ്റിപ്പാര്‍പ്പിച്ചു.

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോടുനിന്ന് വയനാട് ഭാഗത്തേക്കു പോകുന്ന ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കുറ്റ്യാടി വഴി സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് – കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണിത്.

കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡ് ജൂലൈ 12 വരെ അടച്ചിരിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ മാക്കൂട്ടത്ത് റോഡ് ഒലിച്ചുപോയതിനെ തുടര്‍ന്നാണ് റോഡ് അടച്ചിട്ടത്. അതേസമയം, തലശേരി – മൈസൂര്‍ റൂട്ടില്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന സൂപ്പര്‍ ക്ലാസ് ബസുകള്‍ കുട്ട വഴി വയനാടിലേക്കും മൈസൂര്‍ ബെംഗളൂരുവിലേക്കും സര്‍വീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു.

മഴ താമരശ്ശേരി ചുരം വഴിയുള്ള യാത്രയേയും ബാധിച്ചിട്ടുണ്ട്. കോഴിക്കോട്- അടിവാരം റോഡില്‍ വെള്ളക്കെട്ട് ഒഴിയുന്നത് അനുസരിച്ച് ചിപ്പില തോട് വരെ ഓര്‍ഡിനറി സര്‍വീസ് നടത്തും. ചിപ്പില തോടു നിന്നും വയനാട്ടിലേക്കുള്ള ബസിനടുത്തേക്ക് 200 മീറ്ററോളം നടന്നു പോകണം. ഇതനുസരിച്ച് വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ